പേജുകള്‍‌

2011, സെപ്റ്റം 22

ഞാന്‍ ..


ഒരു പൂവിന്നെന്നില്‍ നിന്നടര്‍ന്നുപോയി....
     എന്‍ കരളിലെ തീജ്വാലയേറ്റുവാനായ്....
ഒരു സ്വപ്നം പാതിയില്‍ തീര്‍ന്നു പോയി ...
     എന്‍ മനസ്സിലെ നൊമ്പരം കൂട്ടുവാനായ്....
ഒരു ചിന്തയെന്നിലിന്നാണ്ടുപോയി ....
    എന്‍ മാനസം നീറ്റുന്നൊരോര്‍മ്മയായ്....
ഒരു വേള ഞാനിതാ നിന്നുപോയി.....
    എന്‍ കാലിലെ മൂകമാം ചിലങ്കയുമായ്.....
എന്‍ സംഗീതധാര നിലച്ചു പോയി .....
    പൊട്ടിയ വീണതന്‍ തന്ത്രിയായ്.....
എന്‍ ജീവ നാളം പൊലിഞ്ഞുപോയി......
   പ്രണയത്തിന്‍ രാഗാര്‍ദ്ര നോവുമായ്....
ഒരു സായം സന്ധ്യയിന്നെങ്ങുപോയി....
   എന്‍ നെഞ്ചിലെ സ്നേഹത്തുടിപ്പുമായ്....
ഒരു പുലര്‍ വേള പറന്നുപോയി....
  എന്‍ ഹൃത്തില്‍ കൊരുത്ത കിനാക്കളുമായ്...
ഒരു മൂക നിശ്വാസം സാക്ഷിയായി.....
   ഇവിടെ ഞാനൊറ്റക്ക് മാത്രമായ്‌....
ഒരു യുഗമിന്നിതാ തീര്‍ന്നു പോയി.....
  കൂട്ടിലടച്ചൊരെന്‍ ശവ മഞ്ചവുമായ്....

2011, സെപ്റ്റം 20



ഒരാള്‍..

ഒരാള്‍ .....
എനിക്ക് വേണ്ടിയൊരാള്‍ ....
ഈ നെഞ്ചിലെ നെരിപ്പോടിന്നാഴമറിയാന്‍...
ഈ കണ്ണിലെ നനവാര്‍ന്നോരശ്രുവാകാന്‍...

തോരാതെ പെയ്യുമീ മഴയുടെ
ആര്‍ദ്രതയിലെന്നിലെ   സ്നേഹത്തിന്‍ 
ചൂടറിയാന്‍ ....

ഉപാധികളില്ലാതെ, ജീവിത 
വീഥിയില്‍ സ്നേഹത്തിന്‍ വര്‍ണാഭ
പൂശുവാന്‍ .....

ഉരുകിത്തീരുമീ മെഴുകിന്‍റെ
 ജ്വാലകള്‍ കെട്ടുപോവാതെ കരളില്‍
 കാക്കുവാന്‍......

ഇനിയുമുണ്ടേറെ ദൂരം
നമുക്കങ്ങെത്തുവാന്‍ സഖീയെന്നു 
ചൊല്ലുവാന്‍ ........

വല്ലാതെ വേദന ഹൃത്തിന്റെ നിഴലായ്
മാറുമ്പോളെന്‍ കരം സ്പര്‍ശിച്ചു
തലോടുവാന്‍ ......

വിജനമീ വഴിയിലെന്‍ പാഥേയം 
തീരവേ പകരമായ് സാന്ത്വന 
ഗീതമോതാന്‍....

നിശയുടെ നീലിമയില്‍ വിണ്ണിന്റെ
മാറത്തെന്‍ സങ്കട കണ്ണീര്‍ വീഴേ 
ഇളം കാറ്റായോടിയെത്താന്‍ .....

തമസിനെ തോല്‍പ്പിക്കുമീ      
തീക്ഷ്ണമാം നൊമ്പരങ്ങള്‍ക്ക്    
ദീര്‍ഘനാളവധിയേകാന്‍.......

ഒരാള്‍....
ഈ തകര്‍ന്ന തംബുരുവില്‍....
ശ്രുതി മീട്ടിയുണര്‍ത്തുവാന്‍....
ഒരാള്‍ ....??
എനിക്ക് വേണ്ടിയൊരാള്‍...???