പേജുകള്‍‌

2012, ജൂലൈ 29

                നീ

      ---

ചോന്ന ചെമ്പരത്തിയുടെ 
തളിര്‍ ചില്ലയില്‍ 
ഒളിഞ്ഞിരുന്നു
ഞാന്‍ നോക്കി
കണ്‍ കുളിര്‍ക്കെ 
നിന്നെയൊന്നു 
കാണുവാന്‍.. 

നിന്നെയോര്‍ത്ത് 
കരഞ്ഞു കലങ്ങിയ 
കണ്‍ തടത്തിലെ 
അശാന്തി തീര്‍ത്ത 
കറുപ്പടയാളങ്ങളില്‍ 
കണ്ണീര്‍ ചാലുകള്‍.. 

ഇതു പോലെ 
പൊയ്പ്പോയൊരു
വേനല്‍ച്ചൂടിലാണ് 
നീയെന്നെപടിയിറക്കിയത്..

നിനക്കു സമര്‍പ്പിച്ച 
കരളിന്റെ തുണ്ട് 
ചവറ്റു കുട്ടയിലിട്ടതും
ആര്‍ത്ത നാദത്താല്‍
ഞാന്‍ വിലപിച്ചപ്പോള്‍ 
ആവേശത്തോടെ 
നീ നടന്നകന്നതും..

കൊടും ചൂടില്‍ 
കത്തിയമര്‍ന്ന 
എന്നാത്മാവില്‍ 
അകക്കണ്ണിന്‍
ചൂണ്ടയാലാണ്
അന്നു നീയെന്നെ 
സ്വന്തമാക്കിയത് ..

ഇന്നീ അനാഥത്വത്തിന്റെ 
കൂര്‍ത്ത മുള്ളുകള്‍ 
എന്റെ വീഥിയില്‍ 
വിതറിയതും നീ...

സ്നേഹമെന്തെന്നെന്നെ
അനുഭവിപ്പിച്ചത് 
നീയാണ്.. 
ഇന്നിതാ
സ്നേഹം ഒന്നുമല്ലെന്ന്
പഠിപ്പിച്ചതും
നീ തന്നെ..

ഇനി നിന്റെ
ദിനങ്ങളില്‍ 
നിന്നെ തേടിയെത്തുന്ന 
സ്വര്‍ണ്ണ മയൂരങ്ങള്‍ 
നിന്‍ രാഗ കേളിയില്‍
സ്നേഹ നടനമാടട്ടെ..















    നിന്നിലേക്കുള്ള ദൂരം
   --------------


ഓരോ യാത്രയും
ഓരോ നൊമ്പരങ്ങളാണ്..
നെഞ്ചിടിപ്പിന്റെയാഴം കൂട്ടുന്ന
തീക്ഷ്ണമാം നൊമ്പരങ്ങള്‍...
സ്നേഹത്തിന്റെ പട്ടു ചേലയില്‍ നിന്നും
ഇഴകള്‍ വേര്‍പിരിയുമ്പോലുള്ള നൊമ്പരം..
സ്വപ്നങ്ങളുടെ വര്‍ണ്ണരാജികള്‍ തന്‍
ശോഭ മങ്ങി മായുമ്പോലുള്ള നൊമ്പരം..
കാത്തിരിപ്പിന്റെ മുള്‍മുനകള്‍
കരളിനെ കാര്‍ന്നു തിന്നുമ്പോലുള്ള നൊമ്പരം..
വസന്തത്തിന്റെ മന്ദമാരുതന്‍
വാടിയെ വിട്ടകലുമ്പോലുള്ള നൊമ്പരം..
വിരഹത്തിന്റെ തീ നാമ്പുകള്‍
വേദനയാലാളിപ്പടരുമ്പോലുള്ള നൊമ്പരം..
ഓരോ യാത്രയും
ഓരോ നഷ്ടങ്ങളാണ്..
കൊതി തീരാക്കാഴ്ചകളുടെ
കണക്കില്ലാ നഷ്ടങ്ങള്‍..
ഓരോ യാത്രയും
ഓരോ അനുഭവങ്ങളാണ്..
ജീവിത സമസ്യയുടെ
പൂരിപ്പിക്കാനാവാത്ത അനുഭവങ്ങള്‍...





















         കാത്തിരിപ്പ്

    -------------

ചെന്താമര തന്‍ തണ്ടുകള്‍ പോലെ..

ആടിയുലഞ്ഞൊരു മനമാലെ..

ആവേശത്തിന്‍ കൊടുമുടി മേലേ..

ആഹ്ലാദത്തിന്‍ തിരയാലെ..

കണി കാണാനൊരു കണ്ണന്‍ നാളെ..

കാണാനെത്തും പുലര്‍ കാലേ..

വിണ്ണിലുദിച്ചൊരു താരം പോലെ..

മണ്ണില്‍ വിരിഞ്ഞൊരു പൂ പോലെ..

മധുകം പോലേ,മലര്‍ പോലെ..

കനിയായെത്തും എന്‍ ചാരെ..

എന്‍ കണ്ണനെയായിരം കണ്ണുകളാലെ..

കാത്തിരിപ്പൂ കൊതിയാലെ..

ഒളി തെളിയുന്നെന്‍ മിഴിയോടെ..

ഓടിയണയണഞ്ഞിടും ഞാനരികെ..

നിനവുകളെല്ലാം മോദത്താലെ..

നിറഞ്ഞു നില്‍പ്പൂയെന്നുയിരേ..











                 വര്‍ണ്ണ മയൂരം.

എന്റെ സ്വപ്നങ്ങളുടെ പിന്നാമ്പുറത്ത് 

നീയെനിക്കൊരാണ്‍ മയിലായിരുന്നു

ഇന്നീ ത്രിസന്ധ്യാ നേരത്ത് 

ഇടി മുഴക്കം പോല്‍ നീ വ
ന്നു

പ്രതീക്ഷിക്കാതെ 

പരിഭവങ്ങളില്ലാതെ

നീയെന്നെ വാരിപ്പുണര്‍ന്നു കഴിഞ്ഞു 

ഇനിയീ കണ്‍ കോണുകളില്‍


 മിഴിനീര്‍ തുളുമ്പില്ല

 അതൊപ്പിയെടുക്കാന്‍

എനിക്ക് നീയുണ്ടല്ലോ 

നിഴലായ്,നിലാവായ്..

എരിയുന്ന വേനലില്‍ 

പൊരിയുന്ന നോവുകളിലാണ്


 നീ പേമാരിയായ് പെയ്തിറങ്ങിയത്

 ചുടുനീര്‍ കണങ്ങള്‍ കവിളുകളെ

കരിക്കുന്ന നേരത്താണ് 

തൂവല്‍ സ്പര്‍ശമായ് നീയണഞ്ഞത്

ഇനിയീ അഴലിന്റെയാഴിയില്‍ 

മുങ്ങാം കുളിയിട്ട്

രത്നങ്ങള്‍വാരുവാനും 

സ്വപ്നങ്ങള്‍ കൊണ്ടൊരു


 സുവര്‍ണ്ണ മാല തീര്‍ക്കുവാനും 

എനിക്കീയോര്‍മ മതി

എന്റെ ജീവനിപ്പോള്‍ 

നിറങ്ങളില്‍ നീന്തി തുടിക്കുകയാണ്

ഒരായിരം നിറഭേദങ്ങളില്‍ 

അതില്‍ നീയുണ്ട്

നമുക്കു ചുറ്റും


 നമ്മുടെ കിനാക്കളും..














 സൗഹൃദം..


 ഇനി ഞാനിരിക്കട്ടെയീ മഹാമേരുതന്നി- 
ഷ്ടമുള്ളൊരീ തണലിലല്‍പ നേരം... 
ഇനിയെന്റെയായുസ്സിന്‍ ബാക്കി പത്രം 
തല്ലിത്തലോടി നിങ്ങള്‍ തീര്‍ത്തു കൊള്‍ക..
ഇന്നെന്റെ വാടിയില്‍ വിരിയുമീ പൂക്കളില്‍ 
സ്നേഹത്തിന്‍ ഗന്ധം നിറഞ്ഞു നില്‍പ്പൂ..
സ്മേരം തളീരിട്ടീ ചുണ്ടുകളില്‍.. 
മോഹങ്ങള്‍ മൊട്ടിട്ടീ നെഞ്ചിനുള്ളില്‍..
കൊടിയൊരു വേനലിനുള്ളം കുളിര്‍പ്പിക്കും..
 വേനല്‍ മഴയായി പെയ്തിറങ്ങീ..
കൊതിയോടെ,എന്റെയീ കൈകാല്‍ വിലങ്ങുകള്‍ 
പൊട്ടിച്ചെറിഞ്ഞു ഞാനോടി വന്നൂ.
സൗഹൃദ പൂങ്കാവിനുള്ളിലെ സത്യത്തിന്‍.. 
സുന്ദര പുഷ്പങ്ങള്‍ സ്വന്തമാക്കാന്‍..
സ്വാര്‍ത്ഥതയില്ലാത്ത സ്നേഹത്തിന്‍ മധുവല്‍പ- 
മങ്ങോട്ടുമിങ്ങോട്ടും പങ്കു വെക്കാന്‍..
എന്റെ സ്വപ്നങ്ങള്‍ക്കു വര്‍ണങ്ങളേകിയ.. 
എന്റെ സതീര്‍ത്ഥ്യരെ നിങ്ങള്‍ വാഴ്ക..
എന്‍ മനോരാജ്യത്തെ കോവിലിനുള്ളിലെ 
ദേവിയും ദേവനുമായി നില്‍ക്ക..















.......എന്റെ ദിവസം.......

ഈ നിമിഷം.. 

നിശബ്ദ രാവിന്റെ കൊടും തമസ്സ്...

 നീണ്ട നിശയില്‍ വിഷപ്പാമ്പുകള്‍... 

നിദ്ര തന്‍ വീഥിയില്‍ നിഴല്‍ക്കൂത്തുകള്‍... 

അലിവുള്ള ഹൃദയങ്ങള്‍ കണ്ടതില്ല... 

അറിഞ്ഞുമീ പ്രയാണമസ്തമിച്ചില്ല...

പദങ്ങളനവധി മാറിയെങ്കിലും... 

പതനങ്ങള്‍ മാത്രം മാറിയില്ല...

ഒരിക്കലും വറ്റാത്ത പുഴയിലിന്ന്...

ഒരു തുള്ളി വെള്ളം പോലുമില്ല...

വറ്റി വരണ്ടൊരീ പാതകളില്‍...
കുറ്റമറ്റതായിന്നൊന്നുമില്ല...
ഇന്നെന്റെ ദിവസമല്ല...
എല്ലാം..അന്യന്റെ നാളുകള്‍..
ഒരു പക്ഷേ..........
ഇതായിരിക്കാമെന്റെ വഴി...
ഇനിയെന്റെ ദിനങ്ങളും..