പേജുകള്‍‌

2012, ഓഗ 25


നിന്റെ  മൗനമാണെന്നെ 
ഭയപ്പെടുത്തിയത് .. 
സ്മൃതി പഥത്തി-
ലൊരഗ്നി ഗോളം 
കണക്കെയത് 
കത്തിയെരിയുന്നു.. 
അനന്തമാമകലേക്ക് 
നട്ട നിന്നക്ഷികള്‍  
അതില്‍ നിന്നടരുന്ന 
മിഴിനീര്‍ത്തുള്ളികള്‍.. 
അഗ്നി പര്‍വ്വത്തിന്റെ
ലാവയെ വെല്ലും 
താപമുണ്ടാ കണ്ണീരിന്..
മരക്കറയിളകിയ 
ജാലകയഴികളില്‍
മുറുകെപ്പിടിച്ച 
നിന്നംഗുലികള്‍..
തറവാട്ടു മുറ്റത്തെ 
നിറഞ്ഞ കുളത്തിലെ
നിശബ്ദ നീലിമയിലാണ് 
നിന്റെ നെടുവീര്‍പ്പുകള്‍ 
മുങ്ങാം കുഴിയിട്ടിരുന്നത്..
ഇണയോടൊപ്പം കലപില 
കൂട്ടുന്ന കുഞ്ഞുകിളികള്‍  
അതിന്റെ താളത്തിനൊത്ത് 
ഇളകിയാടും  എണ്ണ കാണാത്ത  
നിന്‍ തലമുടിയിഴകള്‍ ..
മീശക്കാരന്‍ മാര്‍ജാരന്റെ  
മ്യാവൂവിലലിയുന്നു
പിറവിയെടുക്കാന്‍  
മടിക്കുന്ന നിന്റെ 
മൌന മന്ദഹാസം.. 
തുള വീണ പാദുകങ്ങള്‍ 
അമര്‍ത്തിച്ചവിട്ടുമ്പോള്‍ 
തറയിലുമ്മ വെച്ചിരുന്ന
നിന്റെ പാദങ്ങള്‍...
അന്നു ഞാന്‍ കണ്ട
സ്വപ്നങ്ങള്‍ നഷ്ടമായ
ആ പിഞ്ചിയ 
മുറിപ്പാവാടക്കാരീ..
ഇന്നു നീയെനിക്കായ്
ഒരു കടലോളം 
സ്നേഹം കരുതി
വെച്ചെത്രയോ  ജന്മം
താണ്ടി വന്നിതാ
എന്റെ മുന്നില്‍
സ്നേഹ സാഗരമായ്
എന്‍ മൗന സാഗരമായ്.. 






2 അഭിപ്രായങ്ങൾ:

  1. ഒരു കടലോളം
    സ്നേഹം കരുതി
    വെച്ചെത്രയോ ജന്മം
    താണ്ടി വന്നിതാ
    എന്റെ മുന്നില്‍
    സ്നേഹ സാഗരമായ്..
    നല്ല വരികള്‍ ഇത്താ..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി മന്‍ഷാദ്,വായിച്ചതിനും അഭിപ്രായത്തിനും.....

    മറുപടിഇല്ലാതാക്കൂ