പേജുകള്‍‌

2012, ഓഗ 2

മുള്‍ വീഥി

------------
ഞാനിപ്പോള്‍ നിന്നെ 
വെറുത്തു തുടങ്ങിയിരിക്കുന്നു 
നിന്റെ വാക്കുകളെയും 
പൊഴിയായ വാഗ്ദാനങ്ങളെയും..
ഇപ്പോഴാണ് ഞാനറിഞ്ഞത് 
നീ മൊഴിഞ്ഞതെല്ലാം
വെറും പാഴ്വാക്കുകളാണെന്ന്..
എന്‍റെ മൗന നൊമ്പരങ്ങള്‍ 
എന്‍റെ ഗദ്ഗദങ്ങള്‍ 
ഒന്നും നിനക്ക് കാര്യമായിരുന്നില്ല ..
ചുടു നിണങ്ങളൊഴുകുന്ന
എന്‍റെ ലോചനങ്ങള്‍
വര്‍ഷകാല മേഘമായ് 
പെയ്തിറങ്ങാന്‍ പോലും 
നീയനുവദിച്ചില്ല..
നിന്നെ കുറിച്ചുള്ള 
ഓര്‍മ്മകള്‍ പോലും 
നെഞ്ചകം നീറ്റുന്ന
മുറിവാണെനിക്ക്..
കണ്ണടച്ചിരുട്ടാക്കാന്‍ 
നീയെന്നെ പ്രേരിപ്പിച്ചു 
കഴിയാതെ വന്നപ്പോള്‍ 
കനവില്‍ ഞാന്‍ ജീവിച്ചു..
ഒഴുക്കിനെതിരെ നീന്തി നീന്തി 
ഇന്നു ഞാന്‍ തളര്‍ന്നു 
ഒരറ്റവും കൂട്ടിമുട്ടാതെ 
ഓളമായ് പരന്നു..
ഇനി ഞാനില്ലല്ലോ 
പകരമൊരു നിശ്വാസം 
ചാരെയാരുമില്ലാത്ത
ചന്ദന ഗന്ധം പരത്തുന്ന 
ചിന്താഭാരത്താലകം നോവുന്ന 
കളിമണ്‍ ചിരാതായ്... 
എന്‍റെ ജീവിത പാന്ഥാവിലെ
കുരുക്കഴിയാ സമസ്യയാണ് നീ 
അതിനാലിനിയെന്നെ 
വെറുതെ വിടൂ ..
വിഹരിക്കട്ടെ ഞാന്‍ 
അങ്ങാകാശ മാറിടത്തില്‍
ഒളിയില്ലാ നിലാവായ് 
തണ്ടൊടിഞ്ഞ നീലാംബരിയായ്‌ 
തീക്കനല്‍ വിതറിയ 
മുള്‍വീഥിയിലൂടെ
പോട്ടെ ഞാന്‍ 
മൗനമായ്............


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ