നിഴല്‍ നാടകം
__________
സുര്യന്‍ അഗ്നിയെ തുപ്പി
ഇരുളിനെ കാമിയ്ക്കും വേളയില്‍
ഒരു നിഴല്‍ നിന്നെ തേടിയെത്തും..
കണ്ണുകളില്‍ തിളക്കവും
കാലുകളില്‍ ചിലങ്കയുമണിഞ്ഞ്
നിദ്രയില്‍ നിന്ന് നിന്നെയത്
തൊട്ടുണര്‍ത്തും..
പ്രണയത്തിന്റെ മാറാവ്യാധി പിടിച്ച
നിന്റെ ഉടലിനെ
നിലാമഴയില്‍ കുളിപ്പിച്ചെടുത്ത്
നക്ഷത്രത്തുണ്ടു കൊണ്ട്
സിന്ദൂരം ചാര്‍ത്തും..
ശലഭച്ചിറകുകളാല്‍
പുടവയണിയിക്കും..
വിരലുകളിരുളില്‍ ചാലിച്ച്
കണ്ണുകളെഴുതും..
ഒരു കുളിര്‍ക്കാറ്റാല്‍
നിന്ന പൊതിഞ്ഞെടുക്കും..
പെട്ടെന്നൊരു കാര്‍മേഘം
മഴയെ കൂട്ട് പിടിച്ച്
നിഴലിനെ മായ്ച്ചു കളയും
നക്ഷത്രവും കാറ്റും
നിലാവുമെല്ലാം അകലേക്ക്
പോയ് മറയും..
ശലഭങ്ങള്‍ മഴയില്‍ കുതിര്‍ന്നലിയും
ചിലങ്കകളുടെ കിലുക്കം മാത്രം
അവശേഷിക്കും..
അത് നിന്നെ വീര്‍പ്പു മുട്ടിക്കും
വക്കുടഞ്ഞ നിലവിളികളില്‍
തട്ടി ചിലവേള അത് നിശബ്ദമാവും
അപ്പോഴുമാത്മാവില്‍
പ്രണയ മഴ പൊഴിഞ്ഞു കൊണ്ടിരിക്കും
അരൂപിയാം മറ്റൊരു നിഴലിനെ നനയ്ക്കുവാന്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ