പേജുകള്‍‌

2012, ഡിസം 2

ആമേന്‍
______
പിതാവിനും പുത്രിമാര്‍ക്കും
പരിശുദ്ധ എനിക്കും!

കട്ടന്‍ കാപ്പി വിളിച്ചുണര്‍ത്തുന്ന
പ്രിയതമനേ..
പത്രവാര്‍ത്ത ഉഷാറാക്കുന്ന
പൂമുഖമേ,
അടുക്കളയുടെ നിവേദനങ്ങളേക്കൂടി
പരിഗണിക്കണമേ
ആ ...(മേന്‍) തിരക്കില്ലെ വാങ്ങിക്കാം.

ഹോം വര്‍ക്ക് തീര്‍ക്കാതെ
തലേന്നത്തെ കുപ്പിവെള്ളമടക്കം
ബാഗിലുറക്കിയ
പൊന്നുമക്കളെ
നിങ്ങള്‍
ഒന്നും കഴിക്കാതെ തിരക്കിട്ടോടുന്ന
പ്രഭാതം പോലെ
അത്താഴമുണ്ണാതുറങ്ങുന്ന
രാത്രിപോലെ
ഒന്നുംവെയ്ക്കാതിരിക്കുന്ന
ഒരു ദിനം എനിക്കില്ലല്ലോ
അതിനെന്തുമ്മി?
''നുമ്മക്ക് മാക്ഡോണഡി പോകാന്നെ''.

തുന്നിത്തീരാത്തെ കുപ്പായങ്ങളേ
പൊടിയൊഴിയാത്ത ജനലഴികളേ
എത്ര സ്നേഹിച്ചിട്ടും
പുഴുവരിക്കുന്ന ചെടിക്കുഞ്ഞുങ്ങളേ
കണ്ണുതെറ്റിയാല്‍ വിലങ്ങനെ ഓടുന്ന
ഗണപതി വാഹനമേ
കുളിമുറിയില്‍ ഉതിര്‍ന്നിറങ്ങിയ
മുഷിഞ്ഞ വേഷങ്ങളേ
ഒന്നുമില്ലാത്ത എന്നെയെന്തിനു
വീതിച്ചെടുത്തു നിങ്ങള്‍?

അയലത്തെ ജാനുവിന്റെ
അകത്തള നോട്ടമേ
പൊടി നെഫ്സൂന്റെ
പരദൂഷണ ബഞ്ചിന്‍ കൂട്ടമേ
മീന്‍ കാരനുമ്മറിന്റെ
''ബേറെയാണു ബിചാരമേ''
പച്ചക്കറിത്തള്ള പൊട്ടിച്ച
പച്ചത്തെറി ഭണ്ഡാരമേ
എല്ലാത്തിനെയും ഒരുമിച്ചിട്ടു
വറുക്കാന്‍ വെമ്പുന്നെന്റെ വറചട്ടിയുടെ
വെറും മോഹങ്ങളേ
അടങ്ങടങ്ങ്.........................



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ