പേജുകള്‍‌

2013, ഫെബ്രു 2


'ഡോഗ്സ്' ഓണ്‍ കണ്ട്രി
Dog's Own Country
_______________
ഞാനക്ഷരം പഠിച്ച
എന്റെ സ്കൂളിന്റെ
വേരറുത്തു കളഞ്ഞ്
ആകാശം തൊടാനായുന്നു
ഒരു കോണ്‍ക്രീറ്റ് കാട്

സാധാരണക്കാരന്റെ ഇംഗ്ലീഷ്
മോഹത്തിന്റെ വളക്കൂറില്‍
'സീബീയെസ്സി'കള്‍
വിത്ത് മുളപ്പിച്ചു

അടുക്കള മുതല്‍
അന്താരാഷ്ട്രം വരെ
കട്ടന്‍ ചായയിലൊഴിച്ച് കുടിപ്പിച്ച
മാധവേട്ടന്റെ
'ഇന്ന് രൊക്കം നാളെ കടം' ചായക്കട
നെറ്റിയില്‍ നക്ഷത്ര മുദ്രയണിഞ്ഞ
ബാര്‍ ഹോട്ടലായി

വയറ്റാട്ടി രമേടത്തി
'സ്ലീവ് ലെസ്'ചുരിദാറില്‍
'എക്സ്ട്രീം ഔട്ട്‌ ഫിറ്റ്'സിലെ
സെയില്‍സ് ഗേളായി

ബിംബീസിലെ ബിരിയാണിയുടെ
നെയ്ക്കുത്തില്‍
'ബോയ്ക്കട്ട്' വീട്ടമ്മമാര്‍
അടുക്കളയെ നോക്കി
കൊഞ്ഞനം കുത്തി

ക്യാറ്റ് വോക്കും,ജോഗിങ്ങും
'കുരച്ച് കുരച്ച് മലയാല'വുമായി
തലയില്‍ കുതിരവാല്‍ മുളപ്പിച്ച
മൊഞ്ചന്‍മാരും,
സെറീന വില്യംസിന്റെ അരപ്പാവാടയില്‍
ആധുനികം വരച്ചിടുന്ന
മൊഞ്ചത്തിമാരും

പിന്നാമ്പുറത്തെ സ്നേഹപ്പീടികകളില്‍
കഞ്ചാവും, അത്യാവശ്യം
അബോര്‍ഷനുകളും പതിവായി

അമ്പലങ്ങളും പള്ളികളും
അക്കങ്ങള്‍ക്ക് വേണ്ടി മത്സരിച്ചപ്പോള്‍
ദൈവങ്ങള്‍ക്ക് ബോറടിച്ചു

എസ് റ്റീ ഡി ബൂത്തുകളും
വായന ശാലകളും
ചിലന്തി വലകളായ്
സമയത്തെ കൊന്നൊടുക്കി

നട്ടാല്‍ മുളക്കാത്ത
നുണകള്‍ക്ക് വെള്ളവുമൊഴിച്ച്
മൂഡ സ്വര്‍ഗത്തില്‍
നഖവും കടിച്ച്
കുറെ പ്ലാസ്റ്റിക് ഹൃദയങ്ങള്‍!!






‘പ്രതി’ഭാഷ
_________
മലകളാണാദ്യം വിളിച്ചു
പറഞ്ഞത്
ഇന്നലെ കാണാതായ
സൂര്യങ്കുട്ടന്‍
അവിടെയുണ്ടെന്ന്.

കടലധികമായൊന്നും
മിണ്ടിയില്ലെങ്കിലും
ഒരു നാണത്തിരയല
തല്ലുന്നുണ്ടായിരുന്നു.

പുഴകളാണൊറ്റിയത്
പേരറിയാക്കിളിയാണ് പണി പറ്റിച്ചത്
പൂക്കളാണ്‌ പ്രതിഷേധിച്ചത്

തിരിച്ചു വന്നാലെ കണ്ണു തുറക്കൂ എന്നൊരു
താമരമൊട്ടു
വിരല്‍ കൂമ്പി നിന്നു.

ഈ രാവിനെ ഞാന്‍
ചീവിടൊച്ചയില്‍
കൂവി നാറ്റിക്കുമെന്ന്
പൂമ്പാറ്റ രാഷ്ട്രീയം
പറഞ്ഞു.

പുലരിയിലെല്ലാ
പുല്‍ തരി നാമ്പിലും
കുഞ്ഞു സൂര്യനെ
നട്ടു വളര്‍ത്തുമെന്ന്
കടല്‍ കലപില കൂട്ടി

ഒടുവില്‍ മുങ്ങുമ്പോ പോയ
തുടുത്ത മുഖത്തോടെ തന്നെ
ലജ്ജിച്ച്,വ്രീളാ വിവശനായ്
ശ്ശെന്റെടാ
എന്തൊരു പൊല്ലാപ്പെന്ന
നാട്യത്തില്‍ ഒരു
കുഞ്ഞു മുഖം...





ഉള്ളുരുക്കങ്ങള്‍ 
___________
ഏതു വളവില്‍ 
വെച്ചാണ്‌
പുഴ നീരു വറ്റി മരിച്ചത്?
കാത്ത് കാത്ത്
പൊരി മണലിലുരുകുന്നുണ്ടൊരു
തോണി.

ഏതു തിരിവില്‍ വെച്ചാണ്‌
മരങ്ങളൊക്കെയും
മറഞ്ഞു പോയത്?
അറക്ക മില്ലിനെ വട്ടമിട്ട്
ഒരു നാട്ടാന നില്പുണ്ട്
തനിക്കൊപ്പം മുറിഞ്ഞുപോന്ന
കാടിനെ കണ്ട്
കണ്ണു നീറി.

കുന്നിന്‍ മുകളെല്ലാം
കുഴിത്താഴ്ചയാകെ,
പാടത്തൊക്കെ
കളര്‍ വീടു പൂക്കെ,
എതോ കുത്തൊഴുക്കില്‍ വെച്ച്
എന്നെയും കാണാതായ്..



എനിയ്ക്കുള്ളിലെ ഞാന്‍ 
എത്ര പ്രാവശ്യം മരിച്ചതാണെന്നോ?

ചിലപ്പോഴൊക്കെ
ഇഞ്ചക്ഷന്‍ നല്‍കി നോക്കി
നെഞ്ചിലിടിച്ചു നോക്കി
മുഖത്ത് ഊതി നോക്കി
രക്ഷയില്ല.
ചിലതിനൊക്കെ
ചാവടിയന്തിരം നടത്തി

കഴിഞ്ഞാഴ്ച ഒരു മരണത്തിന്റെ
ആണ്ടായിരുന്നു

ഒരു ബലിക്കാക്ക വന്നിരുന്നു
അതൊന്നും മിണ്ടീല്ല
ഒന്നു രക്ഷിക്കൂ...
എന്നാഞ്ഞു വിളിച്ചിട്ടും
കേള്‍ക്കാതെ പാഞ്ഞതിന്റെ
പരിഭവമൊന്നുമില്ലായിരുന്നു.

എന്റെ കോമ്പസ്
ഹൃദയത്തില്‍ കുത്തിക്കയറി
ആരൊക്കെ മരിച്ചെന്നറിയില്ല.
എന്റെ പ്രതികരണമില്ലായ്മ
കൊന്നവര്‍ക്കൊപ്പം
ഞാനും മരിക്കാറുണ്ടായിരുന്നു.

അതൊക്കെ സഹിക്കാം
മിട്ടായി നുണയാനുള്ള കൗതുകത്തിനു
സഹിച്ച ദുര്‍ഗ്ഗന്ധത്തിനു,
പൊങ്ങിത്താഴ്ന്ന
ചെറ്റത്തരം
കൊന്ന
എന്റെ ശവമുണ്ടല്ലൊ
അത് മാത്രം
മരിച്ചടക്കാതെ വെച്ചിട്ടുണ്ട്.




തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
നീ പടിയിറങ്ങിപ്പോയത്
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു

തീരാത്ത പൊരിവെയിലില്‍
ഞാന്‍ നടന്നു കുഴയുന്നു


ഒരിക്കലേതോ രാക്കിനാവില്‍
വാതില്‍ക്കല്‍ നീയെത്തിയെന്നു
സ്വപ്നം കണ്ടു

ഉറക്കം മടങ്ങിപ്പോയ
ഒത്തിരി രാത്രികളുടെ
ആവര്‍ത്തനമായിരുന്നതും

തനിച്ചായതിലല്ല
തളര്‍ന്ന് വീണതിലുമല്ല
തിരിച്ചു നീന്താനൊരു തുഴ
അതായിരുന്നു ഈ കാത്തിരിപ്പ്

ഉച്ചക്കാറ്റിളകാതിരുന്ന
വറുതിക്കാലത്ത്
ഏതോ നഗര പാലികയുടെ
കുറിമാനം
പുതിയ ചില്ല് ചിത്രത്തിനു താഴെ
വിശ്രമിക്കുന്നുണ്ട്
കാത്തിരിക്കാനുള്ള
ജീവിതാശയുടെ മേലുള്ള
അവസാനത്തെ ആണി






ഞെരിഞ്ഞും തിരിഞ്ഞും 
കരഞ്ഞും പിരിഞ്ഞും
പറഞ്ഞാല്‍ നിറഞ്ഞും
പന്ത്രണ്ട്

ഈ കടല്‍ത്തിരയ്ക്കെന്നും
സ്നേഹത്തിന്റെ ലവണാംശം
വറുതിയുടെ മണ്‍ തുരുത്തില്‍
അതിപ്പോഴും പറ്റിപ്പിടിച്ചിരിപ്പാണ്‌

തകര്‍ത്തിട്ടും തകരാതെ
മറന്നിട്ടും മായാതെ
കളിമണ്‍ ഗോപുരം
ഹൃദയത്തുരുത്തില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്നു
ഒറ്റത്തള്ളിനു താഴെയിടാം
പക്ഷേ,
ഈയൊടുക്കത്തെ
മനസ്സില്‍ അതിന്റെ തറ
വടവൃഷ വേരുപോലെ
ആഴത്തില്‍ കൈകളാഴ്ത്തി

കണ്‍ ചിമ്മിയ നേരം
കരളിനോടടുത്ത ചില വെണ്‍പ്രാവുകള്‍
ചിറകു തളര്‍ന്ന്
കിതപ്പാറ്റുന്നുണ്ട്
ഇനിയവ പറന്നു പോവരുതേ
എന്നു കൊതിക്കുന്നു
പക്ഷേ കിളികള്‍ക്ക്
പറക്കുവാനല്ലെ ചിറകെന്നത്
ഞാന്‍ മാത്രം മറന്നു പോയ്

കട്ടപിടിച്ച മൗനം
നീണ്ടു നീര്‍ന്ന രാവ്
നീല വെളിച്ചമേകിയ നിലാവ്
പൂക്കളമിട്ട നക്ഷത്രങ്ങള്‍
കരച്ചിലുകളെല്ലാം പൊതിഞ്ഞമര്‍ത്തി
കരളിനെ കാത്ത കാരുണ്യം
നീ ചവച്ചെറിഞ്ഞയെന്നെ
മുളപ്പിച്ചെടുത്ത സ്നേഹമഴ

എല്ലാം
ഓര്‍മ്മകളുടെ
ഫോര്‍മലിന്‍ ലായനിയില്‍
ഇറക്കിവെച്ചിട്ടുണ്ട്....



പകരമായ്
_______
നീലക്കുറിഞ്ഞി താഴ്വരയിലേക്കെന്ന പോലെ
ഞാനൊരു യാത്ര പോകും
ആരുമറിയാതെ

വെയിലെന്നെ തിരഞ്ഞു വലയും
കരിയ്ക്കാന്‍ വെറെ
കരളില്ലെന്നു പറഞ്ഞ്

മലകളായ മലകളൊക്കെ
നിന്ന നില്‍പ്പില്‍ കണ്ണീര്‍ പൊഴിക്കും
എത്ര നൊന്തിട്ടും കരയാത്തോളെ
കണ്ടോ എന്ന അന്വഷണത്തോടെ

മിന്നാ മിന്നി
ചിണുങ്ങിക്കരയും
രാത്രി യാത്രയ്ക്കിനി
ആളില്ലെന്നറിഞ്ഞ്

മൗനം ആഴിയില്‍ മുങ്ങി മരിയ്ക്കും
കൂട്ട് നഷ്ടപെട്ട നോവിനാല്‍

പെയ്തു തോരാത്ത
രണ്ട് മിഴികള്‍
കണ്ടോയെന്നു
മഴ നെഞ്ചുടഞ്ഞു ചോദിയ്ക്കും

കാറ്റത്ര കണ്ടെന്നു നടിക്കില്ല
കാടിന്റെ കരച്ചിലതെത്ര കേട്ടിരിയ്ക്കുന്നു

വാകമരം വെറുതെയൊന്നു
തല കുലുയ്ക്കിയെങ്കിലായ്
കൈ വീശിവീശി
കുഴഞ്ഞ കൈകളെത്ര കണ്ടിരിയ്ക്കുന്നു

മഞ്ഞു തുള്ളി മാത്രം
പുല്‍ നാമ്പിനോടടക്കം പറയും
അകത്തു നിന്നും പുറത്തേക്കും
പുറത്തു നിന്നും അകത്തേക്കും
നടന്ന് മടുത്ത്
അവള്‍ ഒളിച്ചതെവിടെയെന്നു ചൊല്ലാം
പകരം നീയെനിയ്ക്കൊരു
സൂര്യനെ തരുമോ?



ഇരുട്ടിനെ മരണം മണക്കുന്നു.
__________________
വിഷക്കുത്തേറ്റ പൂമൊട്ട്
ശീതികരിച്ച മുറിയില്‍
ഊര്‍ദ്ധ്വശ്വാസം വലിയ്ക്കുന്നു 

ബോധമണ്ഡലത്തില്‍
കീടനാശിനി വര്‍ഷിയ്ക്കപ്പെട്ടവര്‍
ഊരിക്കൊടുത്ത വാരിയെല്ലിനെ
തച്ചുടക്കുന്നു

കരച്ചിലുകള്‍ക്ക്
കാതുകൊടുക്കാത്ത
കാമന്ധതകളുടെ ഉഷ്ണക്കാറ്റേ

അസമത്വത്തിന്റെ വിഷപ്പുകയേറ്റ്
കറപിടിച്ച സൗരയൂഥങ്ങളിലെ
മഞ്ഞു പൂക്കള്‍ക്ക്
മൃതിച്ചോപ്പ്

ചിന്തകളിലാഞ്ഞടിക്കുന്ന
ശവമഞ്ചത്തിന്റെ ജീര്‍ണ്ണ ഗന്ധം
നിലാമഴയില്‍ ചുറ്റി മേയൂന്നു

കലിയുഗ ലാവണ്യങ്ങളെ,
ഇനി
പെപ്പര്‍ സ്പ്രേയും
ആക്സോ ബ്ലേഡും
പോരാ
ഒറ്റനോട്ടത്തില്‍
കത്തിപ്പോവുന്ന
തൃക്കണ്ണും വേണം..