പേജുകള്‍‌

2013, ഫെബ്രു 2

പകരമായ്
_______
നീലക്കുറിഞ്ഞി താഴ്വരയിലേക്കെന്ന പോലെ
ഞാനൊരു യാത്ര പോകും
ആരുമറിയാതെ

വെയിലെന്നെ തിരഞ്ഞു വലയും
കരിയ്ക്കാന്‍ വെറെ
കരളില്ലെന്നു പറഞ്ഞ്

മലകളായ മലകളൊക്കെ
നിന്ന നില്‍പ്പില്‍ കണ്ണീര്‍ പൊഴിക്കും
എത്ര നൊന്തിട്ടും കരയാത്തോളെ
കണ്ടോ എന്ന അന്വഷണത്തോടെ

മിന്നാ മിന്നി
ചിണുങ്ങിക്കരയും
രാത്രി യാത്രയ്ക്കിനി
ആളില്ലെന്നറിഞ്ഞ്

മൗനം ആഴിയില്‍ മുങ്ങി മരിയ്ക്കും
കൂട്ട് നഷ്ടപെട്ട നോവിനാല്‍

പെയ്തു തോരാത്ത
രണ്ട് മിഴികള്‍
കണ്ടോയെന്നു
മഴ നെഞ്ചുടഞ്ഞു ചോദിയ്ക്കും

കാറ്റത്ര കണ്ടെന്നു നടിക്കില്ല
കാടിന്റെ കരച്ചിലതെത്ര കേട്ടിരിയ്ക്കുന്നു

വാകമരം വെറുതെയൊന്നു
തല കുലുയ്ക്കിയെങ്കിലായ്
കൈ വീശിവീശി
കുഴഞ്ഞ കൈകളെത്ര കണ്ടിരിയ്ക്കുന്നു

മഞ്ഞു തുള്ളി മാത്രം
പുല്‍ നാമ്പിനോടടക്കം പറയും
അകത്തു നിന്നും പുറത്തേക്കും
പുറത്തു നിന്നും അകത്തേക്കും
നടന്ന് മടുത്ത്
അവള്‍ ഒളിച്ചതെവിടെയെന്നു ചൊല്ലാം
പകരം നീയെനിയ്ക്കൊരു
സൂര്യനെ തരുമോ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ