പേജുകള്‍‌

2013, ഫെബ്രു 2

ഞെരിഞ്ഞും തിരിഞ്ഞും 
കരഞ്ഞും പിരിഞ്ഞും
പറഞ്ഞാല്‍ നിറഞ്ഞും
പന്ത്രണ്ട്

ഈ കടല്‍ത്തിരയ്ക്കെന്നും
സ്നേഹത്തിന്റെ ലവണാംശം
വറുതിയുടെ മണ്‍ തുരുത്തില്‍
അതിപ്പോഴും പറ്റിപ്പിടിച്ചിരിപ്പാണ്‌

തകര്‍ത്തിട്ടും തകരാതെ
മറന്നിട്ടും മായാതെ
കളിമണ്‍ ഗോപുരം
ഹൃദയത്തുരുത്തില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്നു
ഒറ്റത്തള്ളിനു താഴെയിടാം
പക്ഷേ,
ഈയൊടുക്കത്തെ
മനസ്സില്‍ അതിന്റെ തറ
വടവൃഷ വേരുപോലെ
ആഴത്തില്‍ കൈകളാഴ്ത്തി

കണ്‍ ചിമ്മിയ നേരം
കരളിനോടടുത്ത ചില വെണ്‍പ്രാവുകള്‍
ചിറകു തളര്‍ന്ന്
കിതപ്പാറ്റുന്നുണ്ട്
ഇനിയവ പറന്നു പോവരുതേ
എന്നു കൊതിക്കുന്നു
പക്ഷേ കിളികള്‍ക്ക്
പറക്കുവാനല്ലെ ചിറകെന്നത്
ഞാന്‍ മാത്രം മറന്നു പോയ്

കട്ടപിടിച്ച മൗനം
നീണ്ടു നീര്‍ന്ന രാവ്
നീല വെളിച്ചമേകിയ നിലാവ്
പൂക്കളമിട്ട നക്ഷത്രങ്ങള്‍
കരച്ചിലുകളെല്ലാം പൊതിഞ്ഞമര്‍ത്തി
കരളിനെ കാത്ത കാരുണ്യം
നീ ചവച്ചെറിഞ്ഞയെന്നെ
മുളപ്പിച്ചെടുത്ത സ്നേഹമഴ

എല്ലാം
ഓര്‍മ്മകളുടെ
ഫോര്‍മലിന്‍ ലായനിയില്‍
ഇറക്കിവെച്ചിട്ടുണ്ട്....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ