പേജുകള്‍‌

2013, മാർ 22


സുഖമുള്ള നൊമ്പരം!!
______________
പാതി വിരിഞ്ഞ പാരിജാതത്തിന്
നമ്മുടെ പ്രണയത്തിന്റെ ഗന്ധം
ഇരുളില്‍ മാത്രം വിരിയുന്ന
നക്ഷത്രപ്പൂക്കളുടെ ചേലുള്ള പ്രണയം

നിലാവ് പെയ്തിറങ്ങിയ
എത്രയോ രാത്രികളിലാണ്
ഇടവഴിയിലെ കരിയിലകള്‍ക്കിടയില്‍
നമ്മുടെ പദ ചലനങ്ങള്‍
മൌനത്തെ മുറിച്ചു കളഞ്ഞത്

ആഴങ്ങളില്‍ ആശ്ലേഷിച്ചും
അകലങ്ങളില്‍ കൂട്ട് വന്നും
ഹൃദയ മര്‍മ്മരങ്ങള്‍ പങ്കു വെച്ചത്

തണല്‍ കൊതിച്ച നേരമെല്ലാം
നിഴലായ് വാരിപ്പുണര്‍ന്നു

അന്തിച്ചോപ്പ്‌ നിറഞ്ഞ മാനം നോക്കി
എനിക്ക് മാത്രം കാണാനാവുന്ന
മനസിന്റെ ക്യാന്‍വാസില്‍
നിന്നെ ഞാന്‍ വരച്ചിടുകയാണ്

അപ്പോള്‍ നീ ആകാശത്തോളം വളരും
ഞാനതിലെ വെണ്‍ മേഘമാവും
മണ്ണിലമര്‍ന്നു തീര്‍ന്ന പ്രണയികളുടെ
ഓര്‍മ്മകള്‍ നാം ചികഞ്ഞെടുക്കും

ഇരുളും വെളിച്ചവും മാറി മാറി
കാലത്തെ പകുത്തെടുക്കുമ്പോള്‍
ഭൂമിയില്‍ താജ് മഹല്‍ തീര്‍ക്കുന്ന
തിരക്കിലായിരിക്കും അവര്‍

നമ്മുടെ നിശ്വാസങ്ങളില്‍ പോലും
പ്രണയത്തിന്റെ നിറക്കൂട്ടുകള്‍
ചാലിച്ചെടുക്കുന്ന തിരക്കില്‍ നമ്മളും.... ♥




വക്കുടഞ്ഞ വാക്കുകള്‍
________________
പൊരുത്തക്കേടിന്റെ ഇടനാഴിയിലും
ഇഷ്ടക്കേടിന്റെ ചെളിക്കുണ്ടിലും കിടന്ന്
വീര്‍പ്പു മുട്ടുന്ന വാക്കുകള്‍

ഒരു 'ബസന്ത' വാക്ക്
വന്നെത്തി നോക്കി
ചെറുപ്പത്തില്‍ മണ്ണപ്പം വെച്ച് കളിച്ചത്
അശ്ലീലക്കാരിയയതോണ്ടാണെന്ന് ഓര്‍മിപ്പിച്ചു

ബയോളജിയുടെ 'സ്പേം' വാക്കുകള്‍
സ്പേസിലെത്തി ലക്‌ഷ്യം കാണാതെ
മുനയൊടിഞ്ഞു വീണു.

ചെള്ള വീര്‍ത്ത ഒരു കണ്ണൂര്‍ വാക്ക്
വിമാനത്തില്‍ പറന്നിറങ്ങി
വ്യഭിചാരത്തെ കഴുത്ത് ഞെരിച്ചു കൊന്ന്
ഹൈക്കമാന്റിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി

ദൈവത്തെ കെട്ടിയിട്ട് ഭക്തിയെ ഫ്രെയിമിലാക്കി
കച്ചവടം ചെയ്യുന്ന വാക്കുകള്‍ക്കെല്ലാം
കപട ഭക്തരുടെ മുഖ ലക്ഷണം

പ്രണയത്തിന്റെ മണ്‍ പുറ്റുകളില്‍
തട്ടിയുടയുന്ന വാക്കുകള്‍
വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള
നൂല്‍പാലത്തിലൂടെ
ചതിയുടെ ആവനാഴിയിലേക്ക്
കൊഴിഞ്ഞു വീഴുകയാണ്

മുടിയഴിച്ച്,മാറു കീറി
കളവിന്റെ മുള്‍ച്ചെടിയിലുടക്കി
സത്ത നഷ്ടപ്പെട്ട വാക്കുകള്‍

മൌനച്ചുഴിയില്‍ പെട്ട്
പിടഞ്ഞമരുന്ന പീഡിതരുടെ വാക്കുകള്‍

ഇവിടെ വാക്കുകള്‍ക്കു സ്വരമിടറുന്നു
കാഴ്ചകള്‍ക്ക് വേവേറുന്നു
വക്കുടഞ്ഞ വാക്കുകള്‍
ആത്മാവിനു വേണ്ടി കേഴുന്നു


മുഖങ്ങള്‍
_______
എത്ര വേഗമാണ് 
ചില മുഖങ്ങള്‍ 
നമ്മില്‍ നിന്നും പടിയിറങ്ങുന്നത് 

ഒരക്ഷരം പോലും മിണ്ടാതെ
ഒരോര്‍മ്മയുടെയും നിറം കെടുത്താതെ
സ്നേഹത്തിന്റെ പച്ചപ്പിനു മേല്‍
നിസംഗതയുടെ വെയില്‍ മഴ
വര്‍ഷിപ്പിയ്ക്കുന്നത്

വറുതിയെ ഗര്‍ഭം ധരിച്ച
പുഴയായ് തീരും നാമപ്പോള്‍
അകവും പുറവും
വെന്തു നീറി

വന്‍ കാറ്റില്‍ കട പുഴകിയ
മരപ്പൊത്തുകളൊന്നില്‍
ഇടം നഷ്ട്ടപ്പെട്ട്
മൌനം കുടിച്ചു, ശൂന്യത തിന്ന്
പിടഞ്ഞമരുന്ന കിളിയെപ്പോല്‍

ചിതറിയ ചിന്തകളില്‍
തീപിടിച്ച പേക്കിനാവുകള്‍

ചുറ്റി പടര്‍ന്നപ്പോള്‍ തൂത്തെറിഞ്ഞ
കരുണയറ്റ കൈകള്‍

തിരിച്ചറിയാ സ്നേഹത്തിനു വേണ്ടി
കുരുതി കൊടുത്തതെത്ര രാത്രികള്‍

മുറിവുകളില്‍ കാലം
ഉപ്പു പുരട്ടുമ്പോള്‍,
ഏതു മുറിവും
കാലം മായ്ക്കുമെന്നത്
പതിരുള്ള പഴങ്കഥ!


ജാലകത്തിനപ്പുറം
____________
ജാലകപ്പുറത്തെ ആരവങ്ങള്‍
കുരിശു യുദ്ധങ്ങളില്‍ 
ചെറുത്തു നില്‍ക്കുന്നവരുടേതാണ്

മണ്ണിലൊരിളം കൈ
മുളയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു
വിരിയും മുമ്പേ ഇതളടര്‍ത്തപ്പെട്ട പൂവ്

കറുത്തിരുണ്ട മേഘങ്ങള്‍ക്കിടയില്‍
മുടിയഴിച്ചിട്ട പെണ്‍കോലങ്ങള്‍
മിന്നലിനെ ഉടലോടു ചേര്‍ത്ത്
സര്‍വം കരിക്കാന്‍
തയാറെടുക്കുന്നു

തീമഴയിലും കത്തിയമരാത്ത
കല്‍ ഹൃദയങ്ങള്‍

കബന്ധങ്ങള്‍ നിറഞ്ഞ തെരുവുകളില്‍
വിജയികളുടെ ഉന്മാദ നൃത്തം

കാറ്റിന് ചുടു നിണത്തിന്റെ ഗന്ധം

ഗംഗയില്‍ ഒരു ചിതാഭസ്മം കൂടി
വീര്‍പ്പു മുട്ടിപ്പിടയുന്നു

നേരറിയേണ്ട ലോകമേ
നീതി കാക്കേണ്ട ദേവതേ
ഞാനെന്റെ ജാലകം കൊട്ടിയടക്കട്ടെ

കാഴ്ച നോവിന്‍ വിഷം തീണ്ടി
ഞാന്‍ മരിച്ചിരിക്കുന്നു
ഇനി ,
എന്റെ ശവം നിങ്ങളെടുത്തു കൊള്‍ക...



ലാസ്റ്റ് പിരീഡ്
__________
ചങ്കിലെ ചെന്തീയില്‍ മുക്കി 
ഓര്‍മ്മത്താളുകളില്‍
സ്നേഹ മധു പുരട്ടുന്നുണ്ട്
കൌമാര ശലഭങ്ങള്‍

കാഴ്ചകള്‍ കത്തുന്ന
മാര്‍ച്ചിലെ പകലുകള്‍ക്ക്‌
കണ്ണീരിന്റെ ഉപ്പുരസം

പ്രണയവും വിരഹവും
പേടിയും പരവേശവും
ചിരിയും നൊമ്പരവും
തിങ്ങി നിറഞ്ഞ ചൂടനുച്ചകള്‍

തട്ടം കൊണ്ട് കണ്ണ് തുടച്ച്
തൊട്ടടുത്തിരിയ്ക്കുന്ന മനുവിനെ
വീര്‍പ്പു മുട്ടിക്കുകയാണ്
'പത്ത്' ബിയിലെ 'വേളൂരി' നസീമ

ലോ വേസ്റ്റ് പാന്റ്സ്
ഒന്ന് കൂടി ഊര്‍ത്തി
കണ്ണിറുക്കി വരുന്നുണ്ട്
പ്രണയത്തിന്റെ ഉസ്താദ്
ഒമ്പതില്‍ രണ്ടു വട്ടം മൊട്ടയിട്ട
സുജിത് കുമാര്‍

സ്പൈക്കന്‍ മുടി
കൈ വിരലാല്‍ കൂര്‍പ്പിച്ച്
എനിക്കിതൊക്കെ പുല്ലാണെന്ന
മട്ടിലാണ് സ്കൂള്‍ ലീഡര്‍ റാഷിദ്

കോമ്പസ് കൊണ്ട്
കാലൊടിയന്‍ ഡെസ്ക്കില്‍
ഓര്‍മ്മപ്പേരുകള്‍ കൊത്തി വെക്കുന്നു
കരവിരുത് 'കാസനോവ'കള്‍

അന്തമില്ലാത്ത പ്രണയത്തെ
അറ്റം കൂര്‍ത്തൊരമ്പാക്കി
ചോന്ന മഷിയില്‍ കട്ടി കൂട്ടി
നെഞ്ചിലെ പ്രണയച്ചൂട്
കടലാസില്‍ പകര്‍ത്തുന്നു
സ്കൂളിലെ റൊമാന്‍സ് ടീം

പണ്ടെഴുതിയ 'ഓള്‍ ദ ബെസ്റ്റും'
'ട്രൈ റ്റു ഗെറ്റ് എ ഹൈ മാര്‍ക്കും'
സുഖമുള്ള നൊമ്പരമാക്കി
മനസ്സിനെ പുറകോട്ടു നടത്തുന്ന
ലാസ്റ്റ് പിരീഡുകള്‍..

(പഠിത്തവും റിവിഷനും വക വെക്കാതെ ഓട്ടോഗ്രാഫ് എഴുതി പ്രണയവും വിരഹവും കണ്ണീരുമായ്
ദിവസങ്ങള്‍ എണ്ണി നീക്കുന്ന പത്താം ക്ലാസിലെ എന്റെ സ്റ്റുഡെന്‍സിന് ഈ വരികള്‍ സമര്‍പ്പിക്കുന്നു)