പേജുകള്‍‌

2012, ഒക്ടോ 19

ഇതും കൂടി..
--------------
ഇനിയിതും കൂടി നീയെടുത്തു കൊള്ളൂ
നിന്റെയോര്‍മ്മകളാല്‍'വിഷലിപ്ത'മാമീ മനസും!!
എന്റെ സ്പന്ദനങ്ങളിലൊരു തീ നാളമായ്
പടര്‍ന്നേറരുതെന്നു പറഞ്ഞു ഞാന്‍
നിന്റെ നിശ്വാസങ്ങളില്‍ നിന്നകന്നെ-
ത്രയോ രാത്രികളുണര്‍ന്നിരുന്നു ഞാന്‍ 

എന്റെ മരവിച്ച മനസ്സിന്റെ
മരണക്കുറിപ്പെഴുതുവാന്‍
തൂലികയുമായ് കാത്തിരിപ്പായിരുന്നപ്പൊഴും നീ!!






2012, ഒക്ടോ 16


മലാലയെന്ന മാലാഖ
-------------------
ഹേ..മലാലാ
മാലിന്യങ്ങള്‍ക്കിടയിലെ
മാണിക്യമേ..
ശത കോടി ജനമനസുകളില്‍

മാലാഖയായ് മാറിയോളേ!!
ഞങ്ങള്‍ക്കിനി മറക്കാനാവുമോ
മരണവുമായ് മല്ലിടുന്ന
മനോഹരമാം നിന്‍ വദനം!!
മതഭ്രാന്തിന്‍ വിഷ ബീജം
ഝടുതിയിലൊരിടി മിന്നലായ്
നിന്റെ മേല്‍ തീ തുപ്പിയപ്പോള്‍
നിസഹായത തീര്‍ത്ത
അടിമച്ചങ്ങലകളില്‍
വെന്തുരുകുകയായിരുന്നു ഞങ്ങള്‍!!
ഇതാണോ മലാലാ
മതം നമ്മോടോതിയത്?
'വായിക്കൂ പ്രിയ മാനവാ
നിന്റെ രക്ഷിതാവിന്റെ
നാമത്തിലെ'ന്ന ശാന്തി മന്ത്രം
കാറ്റില്‍ പറത്തിക്കൊണ്ട്,
പെണ്ണിനെ പേറ്റിനും പോറ്റിനുമുള്ള
യന്ത്രങ്ങളായ് കണ്ടയീ കിരാതര്‍
മതത്തെ മറയാക്കി നടത്തുന്ന
ക്രൂരമാം തേര്‍വാഴ്ചകളിലും
നിശബ്ദത ഭേദിക്കാനാവുന്നില്ല
ഞങ്ങള്‍ക്ക്!!
'സ്വാത്തി'ലെ തീ പാറും
വെടിയുണ്ടകള്‍ക്കിടയിലെ
സ്വസ്ത്ഥതയില്ലാത്ത നിന്റെ ജീവിതവും,
പേടിച്ചരണ്ട മാന്‍ പേട പോല്‍
പതുങ്ങിയുള്ള നിന്റെ സ്കൂള്‍ യാത്രയും,
പടിക്കലെത്തും ബസിലേറി
വര്‍ണ്ണങ്ങള്‍ നിറയും സ്കൂള്‍ മുറ്റത്തിറങ്ങി
ശലഭങ്ങളായ് പാറി നടക്കുന്ന
ഞങ്ങളുടെ 'ചോക്ലേറ്റ് ബേബി'കളുടെ
ചിന്തകള്‍ക്കുമപ്പുറത്തല്ലേ!!
അവര്‍ക്കപരിചിതമാണ്
ഉരുക്കിന്റെ മനക്കരുത്തുള്ള
മലാലയെന്ന പെണ്‍കരുത്തിനെ!!

ഹേ!പനിനീര്‍ പുഷ്പമേ..
ഇനി,ഞങ്ങളുടെ വിഹായസ്സിലെ
സുരയ്യാ നക്ഷത്രമാണ് നീ
നിന്റെ ദീപ്തമാം ചിന്തകള്‍
അജ്ഞതയുടെ ഗേഹങ്ങളില്‍
പൊന്‍ പ്രഭ ചൊരിയട്ടെ!!
ഒരിക്കലുമണയാത്തൊരഗ്നിയായ്
കൂരിരുട്ടിന്റെയാഴങ്ങളില്‍
മിന്നിത്തിളങ്ങിടട്ടേ!!





2012, ഒക്ടോ 14

പാവം കോരന്‍മാര്‍  നമ്മള്‍!!
----------------------------
ഉപ്പിനഞ്ചു രൂപ കൂടി
പെട്രോളിനേഴും
നാളെ ഹര്‍ത്താലാണ്
കവലയിലിരുന്നൊരു
മാനം നോക്കി...
അതിനെന്താ
ഉപ്പില്ലാത്ത കഞ്ഞിയല്ലേ
മധുരം,മറ്റൊരുത്തന്റെ
കമന്റ്!!!
അത് തന്നെയല്ലെ
നമ്മുടെ ജീവിതവും
പറഞ്ഞത് കോരന്‍..
ഹയ്യോ,കയ്യിലെ
കുമ്പിളെവിടെ കോരാ?
പകരം മൊബൈലാണല്ലോ
ഇനിയെസ്സെമ്മെസ്സിന്റെ
കാലമല്ലേ സാറേ!!
കോരന്റെ പരിഭവത്തില്‍
നിസ്സഹായതയുടെ
മരവിപ്പ്!!
കൃഷിഭവനിലാള്‍ത്തിരക്ക്
പണം കായ്ക്കും മരത്തിന്റെ
തൈ വന്നിട്ടുണ്ടത്രേ!!
തൈ നടാനല്പം സ്ഥലവും
കഞ്ഞി കുടിക്കാനൊരു
കുമ്പിളുമില്ലാതെ
പാവം കോരന്‍മാര്‍
നമ്മള്‍!!!!!!



2012, ഒക്ടോ 13

ആരുമല്ലാത്തൊരാള്‍ 
*******************
ഓര്‍മ്മകളുടെ വിസ്ഫോടനത്തി-
ലെന്‍ ചങ്കിലെ മിടിപ്പേറ്റു-
ന്നൊരു മുഖമുണ്ട്

എന്റെയാരുമല്ലാത്തൊരാള്‍!!
താതനേക്കാളേറെയെന്റെ മേല്‍
വാല്‍സല്യപ്പെരുമഴ
വര്‍ഷിച്ചോന്‍!!
വ്യസനങ്ങളകറ്റാന്‍
പുസ്തകത്താളിലെ
മയില്‍പ്പീലിച്ചുരുളിന്റെ
പഴങ്കഥ പറഞ്ഞു
തന്നോന്‍!!
കനല്‍ക്കൂടുകളില്‍ നിന്നെന്നെ
കാത്തു കാത്ത്
രക്ഷിച്ചോന്‍!!
കനവുകളിലാശ്വാസത്തിന്‍
കിരണവുമായ്
ദേവദൂതനെപ്പോല്‍
വന്നണഞ്ഞോന്‍!!
ഒരു നാള്‍,മരണമെന്ന
മായികനോടൊപ്പം
എന്‍ നെഞ്ചകം പൊള്ളിച്ച്
പുഞ്ചിരിയാല്‍
നടന്നകന്നോന്‍!!






കാത്തിരിപ്പ്
-----------
ചലനമില്ലാത്തയെന്‍ തൂലികയിന്ന്
മൗനത്തിന്റെ പണയാലയത്തിലാണ്!
ആളിക്കത്തിയിരുന്നയീ തൂലികത്തുമ്പിലെ
അഗ്നി,ചിത്രശലഭത്തിന്റെ ആയുസ്
പുല്‍കിയിരിക്കുന്നുവോ??
മനസില്‍ നിറഞ്ഞു കവിയുന്ന
തിരമാലകളെ
വാക്കുകള്‍ കൊണ്ടിന്ന്
തടുത്തിടാനാവുന്നില്ല!
അഗാധമായ ഈ മൗനത്തിനു
മാത്രമേയിപ്പോളെന്നെ
പ്രണയിക്കാനാവുന്നുള്ളൂ!
എന്‍ സിരകളിലെ വേദന
ശമിപ്പിക്കാനാവുന്നുള്ളൂ!
നീറുന്നയെന്നേകാന്തതയിലെ
സതീര്‍ത്ഥ്യയാം പ്രിയ തൂലികേ
എന്‍ ചങ്കിലെ മിടിപ്പായിരുന്ന
എന്‍ വര്‍ണ്ണ ചാലികേ
എന്‍ മൗനമെന്തു കൊണ്ടു നീ
ഒപ്പിയെടുക്കുന്നില്ല??
കുളിരായ്,കാറ്റായ്
സ്വപനങ്ങള്‍ വിരിയുമൊരു
കവിതയായ് മാറ്റിടുന്നില്ല..!!



നീയും ഞാനും..
--------------
ശൂന്യതയുടെ തായ് വേരിനാല്‍ 
മാനം മുട്ടെ വളര്‍ന്ന
നിസ്സഹായതയുടെ

മഹാ മേരു ഞാന്‍!!
ഈ തരുവിന്‍ നെഞ്ചിലെ
കാമ്പായുള്ളിലാഴ്ന്നിറങ്ങി
പറിച്ചെറിയാനാവാത്ത വിധം
പടര്‍ന്നേറിയൊരിത്തിള്‍-
കണ്ണിയായ് നീയും..



ഇന്നെന്റെ ഭാരതം..!!
--------------------------
നാലു പാടും നിറഞ്ഞു നില്‍ക്കുന്നൊരീ 
നാരദന്‍മാരുടെ നാടാണെന്‍ ഭാരതം 
നാരറ്റു പോയിന്ന് നന്‍മകളൊക്കെയും
നാശത്തിന്‍ കേളീ ഗൃഹമായെന്റെ ഭാരതം!!

പത്ത് കിട്ടിയാലത് ശതമാക്കുവാന്‍
പട്ടാപ്പകല്‍ കൊല ചെയ്യുന്നൂ മാനവര്‍
പകലോന്റെ മുന്നിലും പാതിരാ നേരത്തും
പാപങ്ങളെത്രയോ ചെയ്യുന്നീ കാലന്‍മാര്‍!!

രാഷ്ട്രീയക്കോമാളി കച്ച മുറുക്കുമ്പോള്‍
രാഷ്ട്രത്തിന്‍ ഭാവി തകരുന്നു നിശ്ചയം
രാഷ്ട്ര പിതാവായ ബാപ്പുജിയെപ്പോലും
രാഷ്ടീയ ലാക്കിനായ് മാറ്റിമറിക്കുന്നു!!

ഒക്ടോബര്‍ രണ്ടായാലൊത്തൊരുമിക്കലും
ഓടി നടക്കലും,ഗാന്ധിയെ ഓര്‍ക്കലും
ഓന്തിന്റെ മേലങ്കിയിട്ടുള്ള മാന്യന്‍മാര്‍
ഓച്ചാനിച്ചയ്യയ്യോ നില്‍ക്കുന്നു കൈ കൂപ്പി!!

ആണ്ടുകള്‍ തോറും നാം കൊണ്ടാടും കേമമായ്
ആഘോഷ വേളകളോര്‍മ്മ ദിനങ്ങളായ്
ആവേശം മൂക്കുമ്പോള്‍ പട്ടയടിക്കലും
ആവശ്യക്കാര്‍ക്ക് പൊന്നാട കൊടുക്കലും!!

ഇല്ലിനി തെല്ലിനിയുണ്‍മ തന്‍ രേണുക്കള്‍
ഇന്ത്യ തന്നാത്മാവ് മൂകമായ് ശോകമായ്
ഇവിടെ നാം പുല്‍കണം പുത്തനൊരര്‍ക്കനെ
ഇന്ത്യയെ കാക്കുവാന്‍,നമ്മളൊന്നാകുവാന്‍!!


വൃദ്ധസദനങ്ങള്‍ 
------------------
കുഴിഞ്ഞ കണ്‍കളില്‍ നി-
ന്നിറ്റു വീഴും തുള്ളികള്‍ 
നര വീണ സ്വപ്നങ്ങളാല്‍
നിരാലംബരായ കോലങ്ങള്‍
കഴിഞ്ഞു പോയ് ജീവന്റെ
പച്ചയാം തുടിപ്പുകള്‍
കൊഴിഞ്ഞു പോയ് കരളിലെ
നിറവാര്‍ന്ന കിനാക്കളും
കണ്‍കണ്ട ദൈവമായ്
കരളിന്റെ കഷണമായ്
കാക്കേണ്ട ജന്മങ്ങളാണീ-
കൊടും പാപം ചെയ്തൊരു
കുറ്റവാളിയെ പോല്‍
കദന ഭാരത്താല്‍ തേങ്ങി
കലികാല ഭാരം താങ്ങി
മരിച്ചു ജീവിക്കുന്നതീ
കോണ്‍ക്രീറ്റ് കെട്ടിന്നുള്ളില്‍..






ശലഭായനം
------------

ജീവനില്‍ വിടര്‍ന്നാടിയ
എന്റെ ചിത്രശലഭങ്ങളിതാ
മറ്റേതോ വഴിത്താരയിലേക്ക്
പറന്നകലുന്നു..
ഹൃത്തന്ത്രികളില്‍ താളമിട്ട്
നടനമാടിയിരുന്ന,
എന്റെ മോഹങ്ങളില്‍
ഒരായിരം നിറങ്ങളണിയിച്ച
എന്റെ പൂമ്പാറ്റകള്‍..
പോട്ടെ..ഓരോന്നായ് പറന്നു പോട്ടെ..
അങ്ങാകാശ മാറിടത്തില്‍
അനിയന്ത്രിതമായവ
പറന്നു കളിക്കട്ടെ...




അക്ഷരങ്ങള്‍
-------------
നീയെനിക്കേകിയ
ക്രൂരമായ വേര്‍പാടിലാണ്
ഒരിക്കലെനിക്കെന്നെത്തന്നെ
നഷ്ടമായത്!!
ആ വേദനകള്‍ക്കു
ശമനമേകാനാണ്
ഞാനീ അക്ഷരക്കൂട്ടങ്ങളെ
ചങ്കിലേറ്റിയത്!!
ഇന്നിവയെന്റെ
ജീവ വായുവാണ്!!
സങ്കടവും സന്തോഷവും
സന്ദേഹവുമെല്ലാമിപ്പോളി-
തിലൂടെ മാത്രം!!
പ്രിയപ്പെട്ടയെന്റെ
മരണമേ,നീ കൂടി
ഈയെഴുത്തിലൂടെന്നെ
വാരിപ്പുണര്‍ന്നെങ്കില്‍!!








പുനര്‍ജനി
----------
ഇനിയെനിക്കൊരു
പുനര്‍ജനി വേണം..
ആരും കാണാത്തൊരാളായ്
എന്നിട്ടാകാശക്കോട്ടയിലെ
നിലാ മഴ പെയ്യും താഴ്വരയില്‍
മഴ മേഘങ്ങളെ ചുംബിച്ച്
ഒരു പെരുമഴക്കാലം തീര്‍ക്കാന്‍
അതില്‍ നിന്നും മണ്ണിലൊരു
സ്നേഹമരം മുളപ്പിക്കാന്‍
അതിന്റെ ചില്ലകളില്‍ വിരിയുന്ന
ചെമ്പൂക്കളില്‍ നിന്നും
എനിക്ക് നഷ്ടമായ
വസന്തത്തിന്റെ മാസ്മരഗന്ധം
മതിയോളം നുകര്‍ന്നെടുക്കാന്‍
എന്‍ കിനാക്കൂടുകള്‍ തകര്‍ത്ത,
പ്രതികാരത്തിന്‍ കൂരമ്പിനാലെന്‍
മനസില്‍ കൊടുങ്കാറ്റായാഞ്ഞടിച്ച
ഭൂപ്പിശാചുക്കളെ ഇളം
കാറ്റായാശ്ലേഷിക്കാന്‍..
ഇനിയെനിക്കൊരു
പുനര്‍ജനി വേണം..




~~~അഗ്നി~~~
___________ 
നിര്‍ത്തിയിട്ട ടാങ്കര്‍ ലോറി 
നിഴലാക്കി മാറ്റിയതെത്ര 
ജീവിതങ്ങളെയാണ്..
രാവിന്റെ മാറിടത്തില്‍
നിദ്രതന്നോളങ്ങളില്‍
സ്വപ്ന വര്‍ണ്ണത്തേരിലേറി
വിഹരിക്കയായിരുന്നാ
മനസ്സുകള്‍...
ഒന്നു തേങ്ങുവാന്‍ പോലും
തെല്ലിട കൊടുക്കാതെ
അഗ്നി ദാഹം തീര്‍ത്താ
മെയ്യുകളാല്‍..
കുഞ്ഞു ഗേഹങ്ങളില്‍
കരിഞ്ഞമര്‍ന്ന മാംസങ്ങള്‍
പുറത്തെ കാറ്റിലലിഞ്ഞ്
മൃത്തുവിന്‍ ഗന്ധം പരത്തുന്നു..
ശീതീകരിച്ച ചില്ലുകൂടുകളില്‍
ജീവന്റെ തുടിപ്പുകള്‍..
ആശുപത്രി വരാന്തയിലെ
മൂലയില്‍ വന്നു നിന്ന്
ചെറിയൊരു ജാള്യതയോടെ
''പത്ത് ലക്ഷം''
തുറിച്ചു നോക്കുന്നു...
മനുഷ്യ ജീവന്റെ വില.!!!




അന്തരം
--------
അന്ന്,പെരുവിരല്‍
ഗുരുവിന് സമര്‍പ്പിച്ച
ഏകലവ്യന്റെ നാള്‍ ..
 ഇന്ന്,ഗുരുവിന്റെ
കണ്ഠം കോടാലിയില്‍
കൊരുത്ത്,ക്ലാസ് മുറി
ചെഞ്ചോരയാല്‍
പൂക്കളം തീര്‍ത്ത
നരാധമന്മാരുടെ നാള്‍
മാനവും,സ്നേഹവും
അപചയങ്ങള്‍ക്കും
ചപലതകള്‍ക്കും
കടം കൊടുത്ത
സരസ്വതീ ക്ഷേത്രങ്ങള്‍..
വെറിയന്‍മാരുടെ
കലഹാലയങ്ങള്‍..
വറ്റി വരണ്ട
ജീവനില്‍ ഉണ്മ
നഷ്ടപെട്ട ബാലകര്‍..
അസ്ത്ഥിയില്‍
ആര്‍ത്തിയുടേയും
സ്വാര്‍ത്ഥതയുടേയും
മുഖം മൂടിയണിഞ്ഞ
ഗുരു വര്യര്‍..
ഇവിടെ തകര്‍ന്ന് വീണത്
ഗുരുഷിഷ്യ ബന്ധത്തിന്‍
സ്നേഹ ഗോപുരങ്ങള്‍...
****************
ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണോ:
  ഗുരുര്‍ ദേവോ മഹേശ്വര:
ഗുരുര്‍ സാക്ഷാത് പരബ്രഹ്മ:
  തസ്മൈ ശ്രീ ഗുരുവേ നമ:!!