പേജുകള്‍‌

2012, നവം 8



2012, നവം 4





മങ്ങിയ കാഴ്ചകള്‍ 
-------------------
തീവണ്ടിയുടെ താരാട്ടില്‍ 
ജീവിതം മുളപ്പിക്കുന്ന 
തെരുവിന്റെ 
ഓട്ട നാണയങ്ങള്‍!!


ചിന്തിക്കുന്ന പേപ്പട്ടികളുടെ
കൂര്‍ത്ത നഖാഗ്രങ്ങളില്‍
കന്യകാത്വം പിശറാക്കിയ
മാംസത്തുണ്ടുകള്‍ !!

കൗമാര സ്വപ്നത്തിന്റെ
കണ്ണിലെ തിളക്കത്തില്‍
കാമാന്ധത ശേഷിപ്പിച്ച
ചെഞ്ചോരപ്പാടുകള്‍!!

ഉദിച്ചുയര്‍ന്ന സൂര്യനില്‍
വര്‍ഷ മേഘങ്ങള്‍
നിഴല്‍ച്ചാര്‍ത്തിട്ട പോല്‍
കാളിമയാര്‍ന്ന വദനങ്ങള്‍!!

അസഹ്യതയോടെ
മേനി വില്‍ക്കുന്ന
പെണ്‍ കോലങ്ങളുടെ
അടിവയറ്റിലെ ജലമൂറ്റി-
യിരമ്പിയാര്‍ക്കുമിത്തിള്‍ക്കണ്ണികള്‍!!

പുഴുവരിച്ച് പാകമാക്കിയ
കാഴ്ച കെട്ട
വൃദ്ധനയനങ്ങളില്‍
കരിന്തിരി കത്തിയ
വിളക്കിലുയരും
നിരാശയുടെ പുകച്ചുരുളുകള്‍!!

പാതിയഴിച്ച
പൊതിച്ചോറില്‍
കണ്ണീര്‍ തീര്‍ത്ത
നോവു ചാലുകള്‍!!

ഇവിടെ..............
അനീതിയെ അമ്പെറിയാനാ-
വേശത്താലെത്തിയവന്‍
വേശ്യയുടെ കിടപ്പറയില്‍!!
അജ്ഞതതയെ
അക്ഷരമാക്കാന്‍
നിയോഗിക്കപ്പെട്ടവന്
സാത്താന്റെ പുനര്‍ജന്‍മം!!

ഇനി..........
രുചിച്ചു നോക്കാനിളം
പൈതലിന്‍
ചൂടുതിരും
ചുംബനങ്ങള്‍ മാത്രം !!
അതിനൂഴവും കാത്ത്
കാവല്‍ നില്‍ക്കും
മാനം പിഴച്ച
മനുഷ്യ മൃഗങ്ങള്‍!!






വിദൂരതയില്‍
--------------
എന്റെ ചലനങ്ങള്‍ പോലും 
തിരസ്ക്കരിക്കപ്പെടുമ്പോള്‍ 
മുള പൊട്ടിയ വാക്കും 
മൃതിയടഞ്ഞ നോക്കും 

അര്‍ത്ഥശൂന്യമായിപ്പോകുന്നു!!
നിന്നക്ഷികളിലെയഗ്നി
രേണുക്കളെന്റെ നിഴലിനെ
ഇല്ലാതാക്കുന്നു!!
വെറുമൊരാള്‍ രൂപമായ്
സ്നേഹ നിരാസത്തിന്റെ
മുള്‍ക്കൂട്ടില്‍ തളക്കപ്പെടുന്നു ഞാന്‍
കാഴ്ച മങ്ങി,തൊണ്ടയിടറുന്ന
ഈ തപോവനത്തില്‍
നിനക്ക് നല്‍കാന്‍
ഒരു ചുടു നിശ്വാസത്തി-
ന്നുണര്‍വുകള്‍ മാത്രം!!
ഒരു നേര്‍ത്ത രേഖയാ-
യെന്‍ ചുണ്ടില്‍ ശേഷിക്കുമൊരു
ചെറു മന്ദഹാസവും!!






കുഞ്ഞിക്കിളി 
__________
ഋതുഭേദങ്ങളടര്‍ന്നു വീണു കൊണ്ടിരുന്നു
ഒരടയാളം പോലുമവശേഷിപ്പിക്കാതെ
കിളികളെല്ലാം വന്ന വഴിയേ
തിരിച്ചു പോയി!!

തിടുക്കപ്പെട്ട് കൂടെയെത്താന്‍

കഴിയാതെ,കുഞ്ഞിക്കിളി
മാത്രമൊറ്റപ്പെട്ടു!!
ഒടിഞ്ഞു തൂങ്ങിയ ചിറകില്‍
കൊക്കുരുമ്മിയവള്‍
നെടുവീര്‍പ്പിട്ടു..
ഈ വിജനതയില്‍
തന്നെയുപേക്ഷിച്ചു പോയി
മറ്റൊരു ചില്ലയില്‍ കൂടുണ്ടാക്കിയ
കൂട്ടുകാരിക്കിളിയുടെ
സ്നേഹത്തെക്കുറിച്ചോര്‍ത്ത്!!

ചുണ്ടിലമര്‍ത്തിപ്പിടിച്ച
പൊന്‍ മണികള്‍ കാറ്റിലാട്ടി
ഈ കുഞ്ഞിക്കിളിയെത്തേടി
ഇനിയെന്നാണ് കാര്‍മുകിലുകള്‍
സ്നേഹ ദൂതുമായെത്തുക??






തിരമാല
______

എന്‍ ചങ്കിലാളിച്ചയേറുന്നുവെന്‍ സഖേ
കുളിരേകാനെന്തുണ്ട് നിന്‍ കയ്യിലെന്‍ പ്രിയേ
സുഭഗമീ മാനസമരുതാത്ത മൊഴികളാല്‍
തകര്‍ന്ന ദര്‍പ്പണമാക്കി നീ മാറ്റവേ
ജീവനിരിക്കലും മൃതിയായി ഞാനിന്ന്
വിജനമീ വീഥിയിലൊറ്റയായലയുന്നു
കടലും,സ്വപ്നങ്ങളും,സ്നേഹവുമൊരു പോലെ
സ്മൃതിയിലപാരമായ് തിരകള്‍ തീര്‍ത്തിടും!!
വരണ്ട കിനാക്കളില്‍ നിണങ്ങളേറി ഞാന്‍
ഇവിടെ മൂകയായ് കഴിഞ്ഞു കൂടവേ
പുതിയ കഥയിലെ നായികയായി നീ
നര്‍ത്തനമാടുന്നു മയൂരമായഹോ!!