പേജുകള്‍‌

2013, മേയ് 13

നിന്നെ ഞാനിനി 
എന്നിലേക്ക്‌ ചേര്‍ത്ത് വെച്ചോട്ടെ
പക്ഷെ,ഒരുപാധിയുണ്ട്
ഈ നെഞ്ചിലെ തിരയിളക്കം
ഇനി മുതല്‍ നിന്റേതു കൂടിയാവും

കാണുന്നില്ലേ, ഒരു ഉരുള്‍പൊട്ടല്‍
കരള്‍ക്കൂട് തകര്‍ത്ത് കണ്ണിലൂടെ
ഒലിച്ചിറങ്ങുന്നത്

തമസിലലിഞ്ഞു ചേര്‍ന്ന ഒരു വിദൂര നക്ഷത്രം
അവിടെ ഒരു മുറിപ്പാടായ്
ശേഷിച്ചിട്ടുണ്ട്

അറ്റ് പോയ വസന്തത്തിന്റെ
കെട്ട് പോയ നിറക്കൂട്ടുകളില്‍
മഴവില്‍ത്തുണ്ട് തിരയുകയായിരുന്നിത്ര നാള്‍

എന്റെ സൂര്യനെ നിനക്ക്
കടം തരുമ്പോള്‍
നിന്റെ നക്ഷത്രങ്ങള്‍
എന്റെ വാനില്‍
പൂക്കളമിട്ടിട്ടുണ്ടാവും,
എന്നിട്ടും നമുക്കെന്നും പകല്‍ തന്നെ
എന്തെന്നാല്‍
നിന്റെ രാക്കനവുകളെ പുണര്‍ന്നിരിക്കാനാണല്ലോ
എന്റെ പകല്‍ക്കിനാവുകള്‍ക്കിപ്പോള്‍ തിടുക്കം

ഇനി നീ എന്നിലേക്ക്‌ പടര്‍ന്ന്
നിന്നേക്കാള്‍ വളര്‍ന്ന്
ഞാനായിത്തീരണം..


2013, മാർ 22


സുഖമുള്ള നൊമ്പരം!!
______________
പാതി വിരിഞ്ഞ പാരിജാതത്തിന്
നമ്മുടെ പ്രണയത്തിന്റെ ഗന്ധം
ഇരുളില്‍ മാത്രം വിരിയുന്ന
നക്ഷത്രപ്പൂക്കളുടെ ചേലുള്ള പ്രണയം

നിലാവ് പെയ്തിറങ്ങിയ
എത്രയോ രാത്രികളിലാണ്
ഇടവഴിയിലെ കരിയിലകള്‍ക്കിടയില്‍
നമ്മുടെ പദ ചലനങ്ങള്‍
മൌനത്തെ മുറിച്ചു കളഞ്ഞത്

ആഴങ്ങളില്‍ ആശ്ലേഷിച്ചും
അകലങ്ങളില്‍ കൂട്ട് വന്നും
ഹൃദയ മര്‍മ്മരങ്ങള്‍ പങ്കു വെച്ചത്

തണല്‍ കൊതിച്ച നേരമെല്ലാം
നിഴലായ് വാരിപ്പുണര്‍ന്നു

അന്തിച്ചോപ്പ്‌ നിറഞ്ഞ മാനം നോക്കി
എനിക്ക് മാത്രം കാണാനാവുന്ന
മനസിന്റെ ക്യാന്‍വാസില്‍
നിന്നെ ഞാന്‍ വരച്ചിടുകയാണ്

അപ്പോള്‍ നീ ആകാശത്തോളം വളരും
ഞാനതിലെ വെണ്‍ മേഘമാവും
മണ്ണിലമര്‍ന്നു തീര്‍ന്ന പ്രണയികളുടെ
ഓര്‍മ്മകള്‍ നാം ചികഞ്ഞെടുക്കും

ഇരുളും വെളിച്ചവും മാറി മാറി
കാലത്തെ പകുത്തെടുക്കുമ്പോള്‍
ഭൂമിയില്‍ താജ് മഹല്‍ തീര്‍ക്കുന്ന
തിരക്കിലായിരിക്കും അവര്‍

നമ്മുടെ നിശ്വാസങ്ങളില്‍ പോലും
പ്രണയത്തിന്റെ നിറക്കൂട്ടുകള്‍
ചാലിച്ചെടുക്കുന്ന തിരക്കില്‍ നമ്മളും.... ♥




വക്കുടഞ്ഞ വാക്കുകള്‍
________________
പൊരുത്തക്കേടിന്റെ ഇടനാഴിയിലും
ഇഷ്ടക്കേടിന്റെ ചെളിക്കുണ്ടിലും കിടന്ന്
വീര്‍പ്പു മുട്ടുന്ന വാക്കുകള്‍

ഒരു 'ബസന്ത' വാക്ക്
വന്നെത്തി നോക്കി
ചെറുപ്പത്തില്‍ മണ്ണപ്പം വെച്ച് കളിച്ചത്
അശ്ലീലക്കാരിയയതോണ്ടാണെന്ന് ഓര്‍മിപ്പിച്ചു

ബയോളജിയുടെ 'സ്പേം' വാക്കുകള്‍
സ്പേസിലെത്തി ലക്‌ഷ്യം കാണാതെ
മുനയൊടിഞ്ഞു വീണു.

ചെള്ള വീര്‍ത്ത ഒരു കണ്ണൂര്‍ വാക്ക്
വിമാനത്തില്‍ പറന്നിറങ്ങി
വ്യഭിചാരത്തെ കഴുത്ത് ഞെരിച്ചു കൊന്ന്
ഹൈക്കമാന്റിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി

ദൈവത്തെ കെട്ടിയിട്ട് ഭക്തിയെ ഫ്രെയിമിലാക്കി
കച്ചവടം ചെയ്യുന്ന വാക്കുകള്‍ക്കെല്ലാം
കപട ഭക്തരുടെ മുഖ ലക്ഷണം

പ്രണയത്തിന്റെ മണ്‍ പുറ്റുകളില്‍
തട്ടിയുടയുന്ന വാക്കുകള്‍
വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള
നൂല്‍പാലത്തിലൂടെ
ചതിയുടെ ആവനാഴിയിലേക്ക്
കൊഴിഞ്ഞു വീഴുകയാണ്

മുടിയഴിച്ച്,മാറു കീറി
കളവിന്റെ മുള്‍ച്ചെടിയിലുടക്കി
സത്ത നഷ്ടപ്പെട്ട വാക്കുകള്‍

മൌനച്ചുഴിയില്‍ പെട്ട്
പിടഞ്ഞമരുന്ന പീഡിതരുടെ വാക്കുകള്‍

ഇവിടെ വാക്കുകള്‍ക്കു സ്വരമിടറുന്നു
കാഴ്ചകള്‍ക്ക് വേവേറുന്നു
വക്കുടഞ്ഞ വാക്കുകള്‍
ആത്മാവിനു വേണ്ടി കേഴുന്നു


മുഖങ്ങള്‍
_______
എത്ര വേഗമാണ് 
ചില മുഖങ്ങള്‍ 
നമ്മില്‍ നിന്നും പടിയിറങ്ങുന്നത് 

ഒരക്ഷരം പോലും മിണ്ടാതെ
ഒരോര്‍മ്മയുടെയും നിറം കെടുത്താതെ
സ്നേഹത്തിന്റെ പച്ചപ്പിനു മേല്‍
നിസംഗതയുടെ വെയില്‍ മഴ
വര്‍ഷിപ്പിയ്ക്കുന്നത്

വറുതിയെ ഗര്‍ഭം ധരിച്ച
പുഴയായ് തീരും നാമപ്പോള്‍
അകവും പുറവും
വെന്തു നീറി

വന്‍ കാറ്റില്‍ കട പുഴകിയ
മരപ്പൊത്തുകളൊന്നില്‍
ഇടം നഷ്ട്ടപ്പെട്ട്
മൌനം കുടിച്ചു, ശൂന്യത തിന്ന്
പിടഞ്ഞമരുന്ന കിളിയെപ്പോല്‍

ചിതറിയ ചിന്തകളില്‍
തീപിടിച്ച പേക്കിനാവുകള്‍

ചുറ്റി പടര്‍ന്നപ്പോള്‍ തൂത്തെറിഞ്ഞ
കരുണയറ്റ കൈകള്‍

തിരിച്ചറിയാ സ്നേഹത്തിനു വേണ്ടി
കുരുതി കൊടുത്തതെത്ര രാത്രികള്‍

മുറിവുകളില്‍ കാലം
ഉപ്പു പുരട്ടുമ്പോള്‍,
ഏതു മുറിവും
കാലം മായ്ക്കുമെന്നത്
പതിരുള്ള പഴങ്കഥ!


ജാലകത്തിനപ്പുറം
____________
ജാലകപ്പുറത്തെ ആരവങ്ങള്‍
കുരിശു യുദ്ധങ്ങളില്‍ 
ചെറുത്തു നില്‍ക്കുന്നവരുടേതാണ്

മണ്ണിലൊരിളം കൈ
മുളയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നു
വിരിയും മുമ്പേ ഇതളടര്‍ത്തപ്പെട്ട പൂവ്

കറുത്തിരുണ്ട മേഘങ്ങള്‍ക്കിടയില്‍
മുടിയഴിച്ചിട്ട പെണ്‍കോലങ്ങള്‍
മിന്നലിനെ ഉടലോടു ചേര്‍ത്ത്
സര്‍വം കരിക്കാന്‍
തയാറെടുക്കുന്നു

തീമഴയിലും കത്തിയമരാത്ത
കല്‍ ഹൃദയങ്ങള്‍

കബന്ധങ്ങള്‍ നിറഞ്ഞ തെരുവുകളില്‍
വിജയികളുടെ ഉന്മാദ നൃത്തം

കാറ്റിന് ചുടു നിണത്തിന്റെ ഗന്ധം

ഗംഗയില്‍ ഒരു ചിതാഭസ്മം കൂടി
വീര്‍പ്പു മുട്ടിപ്പിടയുന്നു

നേരറിയേണ്ട ലോകമേ
നീതി കാക്കേണ്ട ദേവതേ
ഞാനെന്റെ ജാലകം കൊട്ടിയടക്കട്ടെ

കാഴ്ച നോവിന്‍ വിഷം തീണ്ടി
ഞാന്‍ മരിച്ചിരിക്കുന്നു
ഇനി ,
എന്റെ ശവം നിങ്ങളെടുത്തു കൊള്‍ക...



ലാസ്റ്റ് പിരീഡ്
__________
ചങ്കിലെ ചെന്തീയില്‍ മുക്കി 
ഓര്‍മ്മത്താളുകളില്‍
സ്നേഹ മധു പുരട്ടുന്നുണ്ട്
കൌമാര ശലഭങ്ങള്‍

കാഴ്ചകള്‍ കത്തുന്ന
മാര്‍ച്ചിലെ പകലുകള്‍ക്ക്‌
കണ്ണീരിന്റെ ഉപ്പുരസം

പ്രണയവും വിരഹവും
പേടിയും പരവേശവും
ചിരിയും നൊമ്പരവും
തിങ്ങി നിറഞ്ഞ ചൂടനുച്ചകള്‍

തട്ടം കൊണ്ട് കണ്ണ് തുടച്ച്
തൊട്ടടുത്തിരിയ്ക്കുന്ന മനുവിനെ
വീര്‍പ്പു മുട്ടിക്കുകയാണ്
'പത്ത്' ബിയിലെ 'വേളൂരി' നസീമ

ലോ വേസ്റ്റ് പാന്റ്സ്
ഒന്ന് കൂടി ഊര്‍ത്തി
കണ്ണിറുക്കി വരുന്നുണ്ട്
പ്രണയത്തിന്റെ ഉസ്താദ്
ഒമ്പതില്‍ രണ്ടു വട്ടം മൊട്ടയിട്ട
സുജിത് കുമാര്‍

സ്പൈക്കന്‍ മുടി
കൈ വിരലാല്‍ കൂര്‍പ്പിച്ച്
എനിക്കിതൊക്കെ പുല്ലാണെന്ന
മട്ടിലാണ് സ്കൂള്‍ ലീഡര്‍ റാഷിദ്

കോമ്പസ് കൊണ്ട്
കാലൊടിയന്‍ ഡെസ്ക്കില്‍
ഓര്‍മ്മപ്പേരുകള്‍ കൊത്തി വെക്കുന്നു
കരവിരുത് 'കാസനോവ'കള്‍

അന്തമില്ലാത്ത പ്രണയത്തെ
അറ്റം കൂര്‍ത്തൊരമ്പാക്കി
ചോന്ന മഷിയില്‍ കട്ടി കൂട്ടി
നെഞ്ചിലെ പ്രണയച്ചൂട്
കടലാസില്‍ പകര്‍ത്തുന്നു
സ്കൂളിലെ റൊമാന്‍സ് ടീം

പണ്ടെഴുതിയ 'ഓള്‍ ദ ബെസ്റ്റും'
'ട്രൈ റ്റു ഗെറ്റ് എ ഹൈ മാര്‍ക്കും'
സുഖമുള്ള നൊമ്പരമാക്കി
മനസ്സിനെ പുറകോട്ടു നടത്തുന്ന
ലാസ്റ്റ് പിരീഡുകള്‍..

(പഠിത്തവും റിവിഷനും വക വെക്കാതെ ഓട്ടോഗ്രാഫ് എഴുതി പ്രണയവും വിരഹവും കണ്ണീരുമായ്
ദിവസങ്ങള്‍ എണ്ണി നീക്കുന്ന പത്താം ക്ലാസിലെ എന്റെ സ്റ്റുഡെന്‍സിന് ഈ വരികള്‍ സമര്‍പ്പിക്കുന്നു)



2013, ഫെബ്രു 2


'ഡോഗ്സ്' ഓണ്‍ കണ്ട്രി
Dog's Own Country
_______________
ഞാനക്ഷരം പഠിച്ച
എന്റെ സ്കൂളിന്റെ
വേരറുത്തു കളഞ്ഞ്
ആകാശം തൊടാനായുന്നു
ഒരു കോണ്‍ക്രീറ്റ് കാട്

സാധാരണക്കാരന്റെ ഇംഗ്ലീഷ്
മോഹത്തിന്റെ വളക്കൂറില്‍
'സീബീയെസ്സി'കള്‍
വിത്ത് മുളപ്പിച്ചു

അടുക്കള മുതല്‍
അന്താരാഷ്ട്രം വരെ
കട്ടന്‍ ചായയിലൊഴിച്ച് കുടിപ്പിച്ച
മാധവേട്ടന്റെ
'ഇന്ന് രൊക്കം നാളെ കടം' ചായക്കട
നെറ്റിയില്‍ നക്ഷത്ര മുദ്രയണിഞ്ഞ
ബാര്‍ ഹോട്ടലായി

വയറ്റാട്ടി രമേടത്തി
'സ്ലീവ് ലെസ്'ചുരിദാറില്‍
'എക്സ്ട്രീം ഔട്ട്‌ ഫിറ്റ്'സിലെ
സെയില്‍സ് ഗേളായി

ബിംബീസിലെ ബിരിയാണിയുടെ
നെയ്ക്കുത്തില്‍
'ബോയ്ക്കട്ട്' വീട്ടമ്മമാര്‍
അടുക്കളയെ നോക്കി
കൊഞ്ഞനം കുത്തി

ക്യാറ്റ് വോക്കും,ജോഗിങ്ങും
'കുരച്ച് കുരച്ച് മലയാല'വുമായി
തലയില്‍ കുതിരവാല്‍ മുളപ്പിച്ച
മൊഞ്ചന്‍മാരും,
സെറീന വില്യംസിന്റെ അരപ്പാവാടയില്‍
ആധുനികം വരച്ചിടുന്ന
മൊഞ്ചത്തിമാരും

പിന്നാമ്പുറത്തെ സ്നേഹപ്പീടികകളില്‍
കഞ്ചാവും, അത്യാവശ്യം
അബോര്‍ഷനുകളും പതിവായി

അമ്പലങ്ങളും പള്ളികളും
അക്കങ്ങള്‍ക്ക് വേണ്ടി മത്സരിച്ചപ്പോള്‍
ദൈവങ്ങള്‍ക്ക് ബോറടിച്ചു

എസ് റ്റീ ഡി ബൂത്തുകളും
വായന ശാലകളും
ചിലന്തി വലകളായ്
സമയത്തെ കൊന്നൊടുക്കി

നട്ടാല്‍ മുളക്കാത്ത
നുണകള്‍ക്ക് വെള്ളവുമൊഴിച്ച്
മൂഡ സ്വര്‍ഗത്തില്‍
നഖവും കടിച്ച്
കുറെ പ്ലാസ്റ്റിക് ഹൃദയങ്ങള്‍!!






‘പ്രതി’ഭാഷ
_________
മലകളാണാദ്യം വിളിച്ചു
പറഞ്ഞത്
ഇന്നലെ കാണാതായ
സൂര്യങ്കുട്ടന്‍
അവിടെയുണ്ടെന്ന്.

കടലധികമായൊന്നും
മിണ്ടിയില്ലെങ്കിലും
ഒരു നാണത്തിരയല
തല്ലുന്നുണ്ടായിരുന്നു.

പുഴകളാണൊറ്റിയത്
പേരറിയാക്കിളിയാണ് പണി പറ്റിച്ചത്
പൂക്കളാണ്‌ പ്രതിഷേധിച്ചത്

തിരിച്ചു വന്നാലെ കണ്ണു തുറക്കൂ എന്നൊരു
താമരമൊട്ടു
വിരല്‍ കൂമ്പി നിന്നു.

ഈ രാവിനെ ഞാന്‍
ചീവിടൊച്ചയില്‍
കൂവി നാറ്റിക്കുമെന്ന്
പൂമ്പാറ്റ രാഷ്ട്രീയം
പറഞ്ഞു.

പുലരിയിലെല്ലാ
പുല്‍ തരി നാമ്പിലും
കുഞ്ഞു സൂര്യനെ
നട്ടു വളര്‍ത്തുമെന്ന്
കടല്‍ കലപില കൂട്ടി

ഒടുവില്‍ മുങ്ങുമ്പോ പോയ
തുടുത്ത മുഖത്തോടെ തന്നെ
ലജ്ജിച്ച്,വ്രീളാ വിവശനായ്
ശ്ശെന്റെടാ
എന്തൊരു പൊല്ലാപ്പെന്ന
നാട്യത്തില്‍ ഒരു
കുഞ്ഞു മുഖം...





ഉള്ളുരുക്കങ്ങള്‍ 
___________
ഏതു വളവില്‍ 
വെച്ചാണ്‌
പുഴ നീരു വറ്റി മരിച്ചത്?
കാത്ത് കാത്ത്
പൊരി മണലിലുരുകുന്നുണ്ടൊരു
തോണി.

ഏതു തിരിവില്‍ വെച്ചാണ്‌
മരങ്ങളൊക്കെയും
മറഞ്ഞു പോയത്?
അറക്ക മില്ലിനെ വട്ടമിട്ട്
ഒരു നാട്ടാന നില്പുണ്ട്
തനിക്കൊപ്പം മുറിഞ്ഞുപോന്ന
കാടിനെ കണ്ട്
കണ്ണു നീറി.

കുന്നിന്‍ മുകളെല്ലാം
കുഴിത്താഴ്ചയാകെ,
പാടത്തൊക്കെ
കളര്‍ വീടു പൂക്കെ,
എതോ കുത്തൊഴുക്കില്‍ വെച്ച്
എന്നെയും കാണാതായ്..



എനിയ്ക്കുള്ളിലെ ഞാന്‍ 
എത്ര പ്രാവശ്യം മരിച്ചതാണെന്നോ?

ചിലപ്പോഴൊക്കെ
ഇഞ്ചക്ഷന്‍ നല്‍കി നോക്കി
നെഞ്ചിലിടിച്ചു നോക്കി
മുഖത്ത് ഊതി നോക്കി
രക്ഷയില്ല.
ചിലതിനൊക്കെ
ചാവടിയന്തിരം നടത്തി

കഴിഞ്ഞാഴ്ച ഒരു മരണത്തിന്റെ
ആണ്ടായിരുന്നു

ഒരു ബലിക്കാക്ക വന്നിരുന്നു
അതൊന്നും മിണ്ടീല്ല
ഒന്നു രക്ഷിക്കൂ...
എന്നാഞ്ഞു വിളിച്ചിട്ടും
കേള്‍ക്കാതെ പാഞ്ഞതിന്റെ
പരിഭവമൊന്നുമില്ലായിരുന്നു.

എന്റെ കോമ്പസ്
ഹൃദയത്തില്‍ കുത്തിക്കയറി
ആരൊക്കെ മരിച്ചെന്നറിയില്ല.
എന്റെ പ്രതികരണമില്ലായ്മ
കൊന്നവര്‍ക്കൊപ്പം
ഞാനും മരിക്കാറുണ്ടായിരുന്നു.

അതൊക്കെ സഹിക്കാം
മിട്ടായി നുണയാനുള്ള കൗതുകത്തിനു
സഹിച്ച ദുര്‍ഗ്ഗന്ധത്തിനു,
പൊങ്ങിത്താഴ്ന്ന
ചെറ്റത്തരം
കൊന്ന
എന്റെ ശവമുണ്ടല്ലൊ
അത് മാത്രം
മരിച്ചടക്കാതെ വെച്ചിട്ടുണ്ട്.




തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
നീ പടിയിറങ്ങിപ്പോയത്
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു

തീരാത്ത പൊരിവെയിലില്‍
ഞാന്‍ നടന്നു കുഴയുന്നു


ഒരിക്കലേതോ രാക്കിനാവില്‍
വാതില്‍ക്കല്‍ നീയെത്തിയെന്നു
സ്വപ്നം കണ്ടു

ഉറക്കം മടങ്ങിപ്പോയ
ഒത്തിരി രാത്രികളുടെ
ആവര്‍ത്തനമായിരുന്നതും

തനിച്ചായതിലല്ല
തളര്‍ന്ന് വീണതിലുമല്ല
തിരിച്ചു നീന്താനൊരു തുഴ
അതായിരുന്നു ഈ കാത്തിരിപ്പ്

ഉച്ചക്കാറ്റിളകാതിരുന്ന
വറുതിക്കാലത്ത്
ഏതോ നഗര പാലികയുടെ
കുറിമാനം
പുതിയ ചില്ല് ചിത്രത്തിനു താഴെ
വിശ്രമിക്കുന്നുണ്ട്
കാത്തിരിക്കാനുള്ള
ജീവിതാശയുടെ മേലുള്ള
അവസാനത്തെ ആണി






ഞെരിഞ്ഞും തിരിഞ്ഞും 
കരഞ്ഞും പിരിഞ്ഞും
പറഞ്ഞാല്‍ നിറഞ്ഞും
പന്ത്രണ്ട്

ഈ കടല്‍ത്തിരയ്ക്കെന്നും
സ്നേഹത്തിന്റെ ലവണാംശം
വറുതിയുടെ മണ്‍ തുരുത്തില്‍
അതിപ്പോഴും പറ്റിപ്പിടിച്ചിരിപ്പാണ്‌

തകര്‍ത്തിട്ടും തകരാതെ
മറന്നിട്ടും മായാതെ
കളിമണ്‍ ഗോപുരം
ഹൃദയത്തുരുത്തില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്നു
ഒറ്റത്തള്ളിനു താഴെയിടാം
പക്ഷേ,
ഈയൊടുക്കത്തെ
മനസ്സില്‍ അതിന്റെ തറ
വടവൃഷ വേരുപോലെ
ആഴത്തില്‍ കൈകളാഴ്ത്തി

കണ്‍ ചിമ്മിയ നേരം
കരളിനോടടുത്ത ചില വെണ്‍പ്രാവുകള്‍
ചിറകു തളര്‍ന്ന്
കിതപ്പാറ്റുന്നുണ്ട്
ഇനിയവ പറന്നു പോവരുതേ
എന്നു കൊതിക്കുന്നു
പക്ഷേ കിളികള്‍ക്ക്
പറക്കുവാനല്ലെ ചിറകെന്നത്
ഞാന്‍ മാത്രം മറന്നു പോയ്

കട്ടപിടിച്ച മൗനം
നീണ്ടു നീര്‍ന്ന രാവ്
നീല വെളിച്ചമേകിയ നിലാവ്
പൂക്കളമിട്ട നക്ഷത്രങ്ങള്‍
കരച്ചിലുകളെല്ലാം പൊതിഞ്ഞമര്‍ത്തി
കരളിനെ കാത്ത കാരുണ്യം
നീ ചവച്ചെറിഞ്ഞയെന്നെ
മുളപ്പിച്ചെടുത്ത സ്നേഹമഴ

എല്ലാം
ഓര്‍മ്മകളുടെ
ഫോര്‍മലിന്‍ ലായനിയില്‍
ഇറക്കിവെച്ചിട്ടുണ്ട്....



പകരമായ്
_______
നീലക്കുറിഞ്ഞി താഴ്വരയിലേക്കെന്ന പോലെ
ഞാനൊരു യാത്ര പോകും
ആരുമറിയാതെ

വെയിലെന്നെ തിരഞ്ഞു വലയും
കരിയ്ക്കാന്‍ വെറെ
കരളില്ലെന്നു പറഞ്ഞ്

മലകളായ മലകളൊക്കെ
നിന്ന നില്‍പ്പില്‍ കണ്ണീര്‍ പൊഴിക്കും
എത്ര നൊന്തിട്ടും കരയാത്തോളെ
കണ്ടോ എന്ന അന്വഷണത്തോടെ

മിന്നാ മിന്നി
ചിണുങ്ങിക്കരയും
രാത്രി യാത്രയ്ക്കിനി
ആളില്ലെന്നറിഞ്ഞ്

മൗനം ആഴിയില്‍ മുങ്ങി മരിയ്ക്കും
കൂട്ട് നഷ്ടപെട്ട നോവിനാല്‍

പെയ്തു തോരാത്ത
രണ്ട് മിഴികള്‍
കണ്ടോയെന്നു
മഴ നെഞ്ചുടഞ്ഞു ചോദിയ്ക്കും

കാറ്റത്ര കണ്ടെന്നു നടിക്കില്ല
കാടിന്റെ കരച്ചിലതെത്ര കേട്ടിരിയ്ക്കുന്നു

വാകമരം വെറുതെയൊന്നു
തല കുലുയ്ക്കിയെങ്കിലായ്
കൈ വീശിവീശി
കുഴഞ്ഞ കൈകളെത്ര കണ്ടിരിയ്ക്കുന്നു

മഞ്ഞു തുള്ളി മാത്രം
പുല്‍ നാമ്പിനോടടക്കം പറയും
അകത്തു നിന്നും പുറത്തേക്കും
പുറത്തു നിന്നും അകത്തേക്കും
നടന്ന് മടുത്ത്
അവള്‍ ഒളിച്ചതെവിടെയെന്നു ചൊല്ലാം
പകരം നീയെനിയ്ക്കൊരു
സൂര്യനെ തരുമോ?



ഇരുട്ടിനെ മരണം മണക്കുന്നു.
__________________
വിഷക്കുത്തേറ്റ പൂമൊട്ട്
ശീതികരിച്ച മുറിയില്‍
ഊര്‍ദ്ധ്വശ്വാസം വലിയ്ക്കുന്നു 

ബോധമണ്ഡലത്തില്‍
കീടനാശിനി വര്‍ഷിയ്ക്കപ്പെട്ടവര്‍
ഊരിക്കൊടുത്ത വാരിയെല്ലിനെ
തച്ചുടക്കുന്നു

കരച്ചിലുകള്‍ക്ക്
കാതുകൊടുക്കാത്ത
കാമന്ധതകളുടെ ഉഷ്ണക്കാറ്റേ

അസമത്വത്തിന്റെ വിഷപ്പുകയേറ്റ്
കറപിടിച്ച സൗരയൂഥങ്ങളിലെ
മഞ്ഞു പൂക്കള്‍ക്ക്
മൃതിച്ചോപ്പ്

ചിന്തകളിലാഞ്ഞടിക്കുന്ന
ശവമഞ്ചത്തിന്റെ ജീര്‍ണ്ണ ഗന്ധം
നിലാമഴയില്‍ ചുറ്റി മേയൂന്നു

കലിയുഗ ലാവണ്യങ്ങളെ,
ഇനി
പെപ്പര്‍ സ്പ്രേയും
ആക്സോ ബ്ലേഡും
പോരാ
ഒറ്റനോട്ടത്തില്‍
കത്തിപ്പോവുന്ന
തൃക്കണ്ണും വേണം..



2012, ഡിസം 18

വല
___
മുഖപുസ്തകത്തിലെ

പ്രൊഫൈലില്‍ നിന്നും 
ഒരു പെണ്‍തല 
ഉടലടര്‍ന്ന്

വഞ്ചനയുടെ
മേല്ക്കുപ്പായമിട്ട
പകല്‍ മാന്യരുടെ കൈകളിലൂടെ
ഫോട്ടോഷോപ്പിന്റെ
അനാട്ടമി ലാബിലെത്തി

പുരികങ്ങള്‍
മഴവില്ലായി
ചുണ്ടുകള്‍ ചോന്നു തുടുത്തു
നിതംബം വീതികൂടി
മാറിടം മദാലസമായ്

ശേഷം
നെറ്റിലെ കച്ചവടസ്റ്റാളില്‍
രതിമൂര്‍ച്ഛയുടെ ഉന്‍മത്തമായൊരു
ലിങ്കിലേക്ക്
നേര്‍ത്ത കുപ്പായത്തിലെ
അംഗലാവണ്യതുടുപ്പായ്
അണിഞ്ഞൊരുങ്ങിയെത്തി

ചിന്തകളില്‍ വിഷം തീണ്ടാത്ത
പാവമൊരു പെണ്‍ തല
വേശ്യാ ചന്തയിലെ
കൊതിപ്പിക്കുന്ന
പൊന്‍മാന്‍ വല....



2012, ഡിസം 16

ശീര്‍ഷകമില്ലാത്ത പരിഭവങ്ങള്‍
______________________
ദ് പ്പൊ വരാം എന്നുമ്പറഞ്ഞ്
പോയ പൂക്കാലത്തെ
കാത്തിരിക്കുവാ


കുഞ്ഞു ചുണ്ടത്ത്
മണിമാളിക പണിയാനുള്ള
ഉണക്കിലകളുമായ്
പോയ കുഞ്ഞിക്കുരുവിയും
ഇതേ കഥ
പതം പറഞ്ഞു

നീയെങ്ങാനും ഒളിച്ചുവെച്ചോടാ
എന്ന് ഓരോ മരത്തിലും
കൊത്തിക്കൊത്തി
വേഴാമ്പല്‍
മഴനീരു തിരയുന്നതും
അത് പറഞ്ഞ് തന്നെ

ചന്ദ്രാ 'പൂഹുയ്' എന്ന്
ഒരു രാപ്പാടി
നീട്ടി പാടിയതും
ഇതൊക്കെ തന്നെയാവും

എനിക്കാരെയും വേണ്ടേ
ഞാന്‍ പ്രാക്ടിക്കലാണേ
എന്ന മട്ടില്‍
മിന്നാ മിനുങ്ങി
നാല്‍പത് വാട്ടിന്റെ
സര്‍ക്കാരിനെ
പല്ലിളിച്ചു കാട്ടി

തനിച്ച്
ഇരുളും
വെളിച്ചവും
തൂക്കി നടക്കുന്ന
ഈ ലോകമേ
നിങ്ങളോട്
ഞാനെന്തു പറയേണ്ടു..
.



കടല്‍ മിഴികള്‍ 
___________ 
കടലെന്നാരും നിനച്ചിരിക്കില്ല
കവിതമൂടിയ കടമിഴികളെ

പുഴ പോലൊഴുകുന്ന ഞരമ്പിലൊക്കെയും
പ്രണയലാവ തന്നുറവ നീറ്റവെ

പുഴ തന്നന്ത്യത്തില്‍ കടമിഴികളിന്‍
കടലിലൊന്നു ഞാന്‍ കുളിച്ചിന്നീറനായ്

നേര്‍ത്തൊരീണമായ് തഴുകിയിന്നു നിന്‍
മന്ദഹാസത്തിന്‍ പൂ വിടര്‍ത്തുവാന്‍

രാവിനാഴത്തിന്‍ സാന്ദ്ര നിലീമേ
കാത്തിരുപ്പു,വാ കരളുപങ്കിടാന്‍....



സ്വര്‍ഗ്ഗത്തിലെ ശ്മശാനം
________________
കുലുങ്ങിച്ചിരിക്കാത്ത 
കാട്ടരുവിയ്ക്കരികില്‍
ഇലയുണങ്ങിയ മരങ്ങള്‍ കടന്ന്

മലമുകളിലേക്കൊരു ചൂണ്ടു പലക
ആരോ അതില്‍ വരഞ്ഞിരുന്നു
‘നിന്നെ കാത്ത് ഒരു മാലഖയുണ്ട്’.

കയറ്റത്തിലെവിടെയോ
മേഘങ്ങള്‍ കുന്നിറങ്ങി വന്നു

വയലറ്റ് പൂമരം
'ഇടിമിന്നലീ
ആകാശത്തിന്റെ സൗന്ദര്യം'
എന്ന പാട്ടുമൂളി.

താഴ്വരയില്‍
ആരോ ഉപേക്ഷിച്ചു പോയ
ഒരു കുഞ്ഞു നക്ഷത്രം
രാത്രിയമ്മയെ കാത്തിരുന്നു

ഇടവേളകളിലെവിടെയോ
ജീവിതമുപേക്ഷിച്ചിട്ട് ,
വീണ്ടും ജീവിതത്തെ
കിനാവുകാണുന്ന
നിനക്കിപ്പോള്‍ ഒരനാഥന്റെ മുഖം

ഒരോര്‍മ്മപ്പൂ പോലും വയ്ക്കാത്ത
ശവക്കല്ലറയ്ക്കു മേല്‍
കാലം ഒരു മെഴുകുതിരി കത്തിച്ചു
തേന്‍ തേടി മടങ്ങിയ
ഒരു പൂമ്പാറ്റമാത്രം
ധ്യാനഭരിതം അവിടെ
കുമ്പിട്ടിരിപ്പുണ്ട്.

മലമുകളിലെ
ഒറ്റക്കല്‍ മണ്ഡപത്തിലേക്കുള്ള
വഴിതെറ്റി
സ്വര്‍ഗ്ഗത്തിലേക്ക്
ഊര്‍ന്നിറങ്ങിയവനേ
നിന്നെയിപ്പോള്‍
വസന്തം മണക്കുന്നു....



പിന്നെയും ഒരു തിര
______________
ഒരു നഗരത്തോടും വിട ചൊല്ലാനില്ലായിരുന്നു 
ഒരു രാത്രിയോടും കിനാവ് കടം വാങ്ങിയുമില്ല 

നീയുപേക്ഷിച്ചു പോയ ഞാന്‍
ഒരു കടല്‍ തിരിച്ചിറങ്ങിയ
ചെളിമണല്‍പ്പുറം പോലെ
വിരസമാണ്‌

കാല്‍ പാടുകള്‍ മാത്രം
കടുത്തു നില്‍ക്കുന്നു
ഒരു മഴയ്ക്കും മായ്ക്കാനാവാതെ

ഒരിയ്ക്കലും പൂക്കാത്ത ഒരു പൂക്കാലത്തിന്റെ,
ഒരിയ്ക്കലും തെളിയാത്ത നക്ഷത്രത്തിന്റെ,
ഇരുള്‍ മൂടിയിട്ടും കൂടു തേടാത്ത കിളിയുടെ
ഉള്ളുരുക്കങ്ങള്‍ പോലെ ..

നെഞ്ചില്‍ ഒരു തിര മുറിയുന്നതിന്റെ
കനത്ത ശബ്ദം മാത്രം

എന്നില്‍ നിന്ന്
എങ്ങോട്ടാവും
ഞാനിനി പടിയിറങ്ങി പോവേണ്ടത്?



വാക്കുരഞ്ഞു വിണ്ടഭൂമി
_________________
അങ്ങനെയായിരുന്നു
അപ്പോളായിരുന്നു
നിലവിളികളെല്ലാം

പതം പറഞ്ഞെത്തിയത്

വെട്ടിമുറിക്കണം
എന്നൊന്നുമില്ല,
ഞങ്ങള്‍ക്കുള്ളത്
ഞങ്ങള്‍ക്ക് തന്നെ വേണം
നിങ്ങള്‍ക്കുള്ളതും.

പറഞ്ഞു തീര്‍ന്നതും
ഒരു നിശബ്ദത പറന്നെത്തി
കൂട്ടമരണങ്ങള്‍
ചിറകിലൊളിച്ചിരിപ്പുണ്ടെന്ന
ചുണ്ടുരുമ്മി.

ഇന്നുവരെ ഞാന്‍
ശ്വസിച്ചിരുന്ന വായു
കിനാവു നട്ട ആകാശം
കണ്ണീരുപ്പു കലങ്ങിയ കടല്‍
കിളികള്‍ പാടിയുണര്‍ത്തിയ കാട്
എല്ലാം എടുത്തോളു
അവിടെ ഞാനുണ്ടായിരുന്നെന്ന
ഓര്‍മ്മമാത്രം വിട്ടുതരണം...



ഒരു പൂവില്‍ ഒരു പൂക്കാലം
____________________
ഒരു പൂവിതള്‍ മാത്രമേ
കാത്തു വെച്ചുള്ളു
പൂക്കാലം പൂക്കാലം

എന്നവള്‍ ആര്‍ത്തുലഞ്ഞു.

കരിവണ്ടൊന്നു മൂളി മെല്ലെ
മുരളീനാദമൊന്നേറ്റുണര്‍ന്നു.

അടുക്കലെത്താന്‍ കൊതിച്ചു നിന്നു
തൊടുമ്പോഴൊക്കെ വിതുമ്പിനിന്നു

അകലയല്ലെന്നറിഞ്ഞ വേള
അരികിലുള്ളില്‍ സ്വയമലിഞ്ഞു.


2012, ഡിസം 5


ഡസ്റ്ററിനു മായ്ക്കാനാവാത്തകാലം
_________________________
അസംബ്ളിക്കിടെ സൂര്യന്‍ കണ്ണു വെച്ച
പ്രാകാശ് സീ.കെ തളര്‍ന്നു താഴെ വീണു,
അലങ്കോലപ്പെട്ട ആദ്യ പിരീഡില്‍
പരീക്ഷപേപ്പറിന്റെ അടി
സ്കൂള്‍ ഗേയ്റ്റിനു പുറത്തേക്ക്.
വീട്ടിലാക്കാന്‍ ഒപ്പം വിട്ട
രമേഷ് പറഞ്ഞു
'നല്ല ഒര്‍ജിനലായ് തോന്നീടാ'..

ടീച്ചറില്ലാ പിരീഡിന്റെ
അലര്‍ച്ചക്കുള്ളിലേക്കൊരിടി മുഴക്കം
'സൈലന്‍സ് പ്ളീസ്....
ആരാ ചൂരലെടുത്തേ'?
ടീച്ചര്‍ ദോണ്ടിവനാ,ദേയിവനല്ല, ലവനാ
മൂന്നാം ഡസ്കിന്റെ താഴെ
ഞാനിവിടെയുണ്ടെന്ന കരച്ചില്‍ മാത്രം
ഒറ്റിക്കൊടുക്കപ്പെടാതെ
അടങ്ങിയിരുന്നു..

ഉച്ചബെല്ലിന്റെ ആദ്യ പിരീഡില്‍
ഡസ്റ്ററേറില്‍ ഞെട്ടിയുണര്‍ന്ന
ഇബ്രാഹിം കുട്ടി,
ആദ്യം ഭൂമി കണ്ട
അന്യഗ്രഹ ജീവിയുടെയമ്പരപ്പില്‍,
കൂട്ടച്ചിരി പടിയിറക്കി വിട്ട
ഉച്ചമയക്കത്തേയോര്‍ത്ത്
ഡസ്റ്റര്‍ തിരികെ മേശപ്പുറത്തേക്ക് മടങ്ങി..

ഇന്റര്‍ വെല്ലിന്റെ മൂത്രപ്പുര ബഹളത്തില്‍
ലിവര്‍ പ്ളസ് ലവര്‍
ആരോ കോര്‍ത്ത ഹൃദയം
അമ്മിണി ടീച്ചര്‍ പ്ളസ് തോമസ് മാഷ്
ഉത്തരാധുനിക ചിത്രകലാ പഠനം
നീട്ടി ഒഴിച്ചിട്ടും മായാതെ ഭിത്തിയില്‍
ഉറക്കെ പറയാന്‍ വെമ്പുന്ന
അങ്ങാടി രഹസ്യങ്ങള്‍
കന്യാകത്വം നഷ്ടപെട്ട്
കരി മഷി പുരണ്ടു..

പീ ടി അവറിന്റെ കൊടും ദാഹം
പൈപ്പു വെള്ളത്തിന്റെ കുളിര്‍മ്മ,
കരിമ്പനടിച്ച കുപ്പായത്തിലേക്ക്
ആരോ കുടഞ്ഞ നീലമഷി..
കൂട്ടയിടി ആര്‍പ്പു വിളി
ഹെഡ് മാസ്റ്ററുടെ മുറിയിലെ
ഗ്ളോബിനു മേലെ എല്ലാവരുടെയും
കൈവെള്ളയില്‍ ഭൂമദ്ധ്യ രേഖ തെളിഞ്ഞു..

എക്സകര്‍ഷന്‍ പോക്കിന്റെ ഗമയുമായ്
തുമ്പികളുടെ ബസ്സ് പാട്ട് പാടി
കൈവീശി നീങ്ങി,
പൂഞ്ഞാട്ടി പിടിക്കാനിറങ്ങിയ
നിഷാദും,അവന്റെ കൈപിടിച്ച്
ദിനേശും അവരെ പിടിക്കാന്‍
ജബ്ബാറും,തിരികെയെത്തിയത്
കോരുവലയില്‍
സ്കൂള്‍ വരാന്തയില്‍..
കറുത്ത ബാഡ്ജു കുത്തിയ
കരച്ചിലുകളെ
വരിവരിയായ് നിര്‍ത്തി
'ഗൗരവം കുമാരന്‍' മാഷ്
വാപൊത്തിക്കരഞ്ഞു..
പതിവിലും മൗനമായ്
സ്കൂള്‍ വിട്ടിട്ടും
ഒന്നും മിണ്ടാതെ ഗ്രാമവും
കുട്ട്യോളും കണ്ണീര്‍ മഴയില്‍
മണ്ണിട്ട് മടങ്ങി..

വാര്‍ഷികപ്പരീക്ഷയുടെ അവസാന
ബെല്ലടിച്ചപ്പോള്‍
വാകമരച്ചോട്ടില്‍
കടക്കണ്ണ് കളിയിലെ
എതിര്‍ ചേരികള്‍
ധൈര്യം സംഭരിച്ച് ഓട്ടോഗ്രാഫെഴുതി
'നീ മറന്നാലും ഞാന്‍ മറക്കില്ല
നീറുമെന്നുള്ളില്‍ നീ തേന്‍മഴയായെന്നും'

എഴുതി മാഞ്ഞേവരും പോയെങ്കിലും
ഹൃദയത്തില്‍ നിത്യവസന്തമാണിന്നും....
 



കരച്ചിലുകളുടെ കുമ്പസാരക്കൂട്ടില്‍ നിന്നും
_____________________________
രാത്രി വൈകി തലയിണവഴി
ഊര്‍ന്നിറങ്ങിയ 
കരച്ചില്‍

മേല്‍ക്കുപ്പായങ്ങളഴിച്ച്
പരിപൂര്‍ണ്ണ ശുദ്ധയായ്
പറഞ്ഞു തുടങ്ങി.

വംശനാശം സംഭവിച്ച
പ്രണയത്തിനായ്
ഇനി എന്നെ പൊയ് വേഷം
കെട്ടാന്‍ നിര്‍ബന്ധിക്കരുത്.

കുടുംബക്കോടതി വരാന്തയുടെ
തെക്കെകോണില്‍ നിന്നും
തൂവാല വഴി പിഴിഞ്ഞു നീക്കിയ പാടെ
കരച്ചിലൊരാക്കിയ ചിരിപാസാക്കി
'അതെ കല്യാണ മണ്ഡപത്തില്‍ തന്നെ
നിങ്ങളും താലി ചാര്‍ത്തി,പക്ഷേ
വിര്‍ജ്വാനിറ്റി അശേഷമില്ല'

മുസ് ല്യാരുടെ തുടയില്‍ നുള്ളലില്‍
അത്ര വേദനയില്ലെന്നറിഞ്ഞപാടെ
കുഞ്ഞു നെബീസ നൊന്തു തുടങ്ങി.
കരച്ചില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു
പടച്ചറബ്ബേ
ഇബ് ലീസിന് ജനിച്ചിവനു വേണ്ടി
ഒരിടിമിന്നല്‍ കടമായെങ്കിലും താ.

കുമ്പസാരക്കൂട്ടിനു മുന്നിലെ
വിധവയുടെ നെഞ്ചിടിപ്പില്‍ തട്ടി
നെടുവീര്‍പ്പുകളപ്പാടെ കടം പറഞ്ഞു.
പാപമന്വേഷിച്ച് വികാരിയും
പാപം ബോധം തീണ്ടാതിരിക്കാന്‍
വിധവയും ഒരു മറയ്ക്കകത്ത്
ഞെരിപിരികൊണ്ടു
കരച്ചില്‍ മാത്രം
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ
ഇടവേളയില്‍
ഇറങ്ങി നടന്നു.

നെഞ്ചുപൊട്ടിക്കരയാന്‍ കാത്ത്
പലകുറി
തെരുവു പയ്യന്റെ പിന്നാലെ
പറ്റിയൊതുങ്ങി നിന്നു.
ഒരിറ്റു കണ്ണീര്‍ വീഴാതെ
കരച്ചിലിപ്പോഴും
ആ ‘ചവറു ജീവിത’ത്തില്‍
തീരാ പട്ടിണിയില്‍...



2012, ഡിസം 2

നോട്ടം
____
കാണുന്നുണ്ടു ഞാന്‍
കാണതുള്ളാ നോട്ടം..

ഏയ് ഞാനെന്നല്ലെന്നാ ഭാവം
എനിക്കങ്ങനെയൊന്നുമില്ലെന്ന
അതൊന്നുമില്ലന്നെ എന്നൊക്കെ
പഴയ നാടകങ്ങള്‍..

അകത്താരെയാ
കുടുക്കി വെച്ചിട്ടുണ്ട്!!

പറസാറേ,ഞാനും
ഈ പുഴ നീന്തിയതല്ലെ...



കടല്‍..
_____
മഴ വഴി തെറ്റി വന്നതെന്റെ 
കണ്‍ തടത്തില്‍

നീ വഴിതെറ്റി മാറിയതിന്റെയൊപ്പം
കരളിലൊരു മഴക്കാര്‍
ഇരുള്‍ പരക്കാന്‍
കാത്തു നില്പുണ്ട്...

തലയിണപ്പാടത്തെ
അതിവര്‍ഷം
ആരും കാണാറില്ല..

നിലാവാവഴി വന്നിട്ടേയില്ല
ഇരുളിലൊരു മറപിടിച്ചൊളിക്കും
നക്ഷത്രക്കുഞ്ഞുങ്ങള്‍,
എത്തിവലിഞ്ഞു
നോക്കിയെന്നിരിക്കും,
കടലിരമ്പമെന്നു കരുതിയവറ്റകള്‍
ഉറങ്ങിപ്പോകും..

ഉറങ്ങാത്ത രാത്രിയുമായ്
അപ്പോഴുമൊരു കടല്‍
ഹൃദയത്തില്‍
തിരയടിക്കുന്നുണ്ടാവും..
പകല്‍ വരുമ്പോള്‍
കെട്ടുപോകുന്നൊരു
സങ്കടക്കടല്‍......





അറിയാതെ
_________
ഏതു മഴയിലും
ഒലിച്ചു പോകുമെന്നു ഭയന്നാണ്
തനിച്ചാക്കാതിരുന്നത്


വേനലപ്പാടെ
കരിച്ചു തീര്‍ക്കുമെന്ന് പകച്ചാണ്
കാറ്റില്‍ പൊതിഞ്ഞത്

മഞ്ഞ് പെയ്ത്
മരച്ചു പോമെന്നു നിനച്ചാണ്
രാവേറെ കാത്തത്

എന്നിട്ടോ..
പട്ടട  മാത്രം ഇതൊന്നും
അറിഞ്ഞഭാവം നടിച്ചില്ല..



പനിനീര്‍പൂവിന്റെ ചുംബനം 
____________________
ഈ കടലിനു നടുവിലെ
ഏകാന്തതയില്‍
എന്തിനായ്

പരസ്പരം തുഴയായ് നീങ്ങുന്നു?

കപ്പല്‍ച്ചേതത്തില്‍ മുങ്ങിനീങ്ങിയ
നീ വന്നു കയറിയ മുനമ്പ്
എന്റെ ഹൃദയമായതിനാലോ?

ഒറ്റപ്പെടലിന്റെ
തീമഴയിലുരുകിത്തീരും നിന്റെ
വേദനകളെപ്പറ്റി ഒരക്ഷരം
ചോദിക്കില്ല ഞാന്‍..

പലപ്പോഴായ്
ചൂണ്ടക്കുരുക്കളുടെ
വിരുന്നുകാരിയായ്
നീ അകലെ നീങ്ങുമ്പോഴും
കുരുക്കിലായപ്പോഴും
കാണാതിരുന്നു..

നിറങ്ങളുടെ മായക്കാഴ്ച
കണ്ണുകെട്ടിയ നിലാവനങ്ങളില്‍
നീയുരുകിയെരിയുമ്പോഴും
അരികെയിരുന്നു.

ഹൃദയമുരയുന്നു:
നീയെനിക്കെന്നും പകുക്കാതെ പോയ
നെടുവീര്‍പ്പുകളില്‍,
ചുടുനിശ്വാസങ്ങളില്‍,
എന്നെ ഞാന്‍ സ്വയം സമര്‍പ്പിച്ചിരുന്നു.
പനിനീര്‍പൂവിന്റെ ചുംബനം പോലെ...



ആമേന്‍
______
പിതാവിനും പുത്രിമാര്‍ക്കും
പരിശുദ്ധ എനിക്കും!

കട്ടന്‍ കാപ്പി വിളിച്ചുണര്‍ത്തുന്ന
പ്രിയതമനേ..
പത്രവാര്‍ത്ത ഉഷാറാക്കുന്ന
പൂമുഖമേ,
അടുക്കളയുടെ നിവേദനങ്ങളേക്കൂടി
പരിഗണിക്കണമേ
ആ ...(മേന്‍) തിരക്കില്ലെ വാങ്ങിക്കാം.

ഹോം വര്‍ക്ക് തീര്‍ക്കാതെ
തലേന്നത്തെ കുപ്പിവെള്ളമടക്കം
ബാഗിലുറക്കിയ
പൊന്നുമക്കളെ
നിങ്ങള്‍
ഒന്നും കഴിക്കാതെ തിരക്കിട്ടോടുന്ന
പ്രഭാതം പോലെ
അത്താഴമുണ്ണാതുറങ്ങുന്ന
രാത്രിപോലെ
ഒന്നുംവെയ്ക്കാതിരിക്കുന്ന
ഒരു ദിനം എനിക്കില്ലല്ലോ
അതിനെന്തുമ്മി?
''നുമ്മക്ക് മാക്ഡോണഡി പോകാന്നെ''.

തുന്നിത്തീരാത്തെ കുപ്പായങ്ങളേ
പൊടിയൊഴിയാത്ത ജനലഴികളേ
എത്ര സ്നേഹിച്ചിട്ടും
പുഴുവരിക്കുന്ന ചെടിക്കുഞ്ഞുങ്ങളേ
കണ്ണുതെറ്റിയാല്‍ വിലങ്ങനെ ഓടുന്ന
ഗണപതി വാഹനമേ
കുളിമുറിയില്‍ ഉതിര്‍ന്നിറങ്ങിയ
മുഷിഞ്ഞ വേഷങ്ങളേ
ഒന്നുമില്ലാത്ത എന്നെയെന്തിനു
വീതിച്ചെടുത്തു നിങ്ങള്‍?

അയലത്തെ ജാനുവിന്റെ
അകത്തള നോട്ടമേ
പൊടി നെഫ്സൂന്റെ
പരദൂഷണ ബഞ്ചിന്‍ കൂട്ടമേ
മീന്‍ കാരനുമ്മറിന്റെ
''ബേറെയാണു ബിചാരമേ''
പച്ചക്കറിത്തള്ള പൊട്ടിച്ച
പച്ചത്തെറി ഭണ്ഡാരമേ
എല്ലാത്തിനെയും ഒരുമിച്ചിട്ടു
വറുക്കാന്‍ വെമ്പുന്നെന്റെ വറചട്ടിയുടെ
വെറും മോഹങ്ങളേ
അടങ്ങടങ്ങ്.........................



ഒറ്റക്കാക്ക
_______
കിളികളാണു ചുറ്റും പറക്കുന്നത്
ഒറ്റയായ കാക്കയെ ആരും 
കണ്ടില്ല...
വസന്തലഹരിയിലായിരുന്നു വണ്ടുകള്‍
അതിനിടയില്‍ തേനില്ലാത്ത

ഈ ചെടി മാത്രം
തൊട്ടില്ല..
ഈ നിമിഷങ്ങളോട്
കണ്ണുനീര്‍ കൊണ്ട്
കടപ്പെട്ടിരിക്കുന്നു..
നിനക്കുമാത്രമറിയാവുന്ന
ഒരു തെറ്റിന്‌
വെറുതെ ബലിയാടായ ഒരു
പൂമ്പൊടിയുടെ സങ്കടം..
അല്ലെങ്കിലും
കൊണ്ടവളേക്കാള്‍
നൊമ്പരം
കൊടുത്തവളുടെ
നെഞ്ചിലുറങ്ങുന്നില്ലെന്നാരറിഞ്ഞു!!




നൂല്‍ മരപ്പൊത്തില്‍
______________
ഒളിച്ചിരിക്കുന്നതൊക്കെ കൊള്ളാം
കുറുമ്പുകാട്ടാതിരിക്കണം

സങ്കടങ്ങളൊക്കെ
വരിവരിയായ്
സര്‍വീസ് നടത്തും
അനൗസുമെന്റ്കള്‍
കാപ്പി,ചായ, തിരക്കു ചന്തയല്ലെ
കണ്ടെന്ന് നടിക്കരുത്.

ഇടക്കൊക്കെ ചിലര്‍
ഓടിക്കയറാന്‍
വെപ്രാളം കൂട്ടും
പതിങ്ങിയിരുന്നോളണം
പിടികൊടുക്കരുത്

സന്ധ്യമയങ്ങുമ്പോള്‍
നടക്കാനിറങ്ങരുത്
സന്തോഷം കൊണ്ട്
രാഗവിസ്താരവുമരുത്

പാതി മയക്കത്തില്‍
ആരും കാണതെ
ഇറങ്ങിവരണം.

ആരുമിന്നേവരെ
ഉള്ളിന്റെയുള്ളില്‍
ഇത്രാഴത്തിലെത്തിയിട്ടില്ലേന്നെ....




ചേര്‍ന്നു ചേര്‍ന്നൊരാള്‍
________________
നിനച്ചിരിക്കാനേരം
കാണാത്തൊരുപദചലനം
പിന്‍ കഴുത്തിലൊരു

ചുടു നിശ്വാസം,
നിദ്രയെ കൊല്ലുന്ന
നീളന്‍ പാമ്പായ്
അടുത്തുണ്ടാരോ..

നിന്നെ തൊടാനെന്റെ
വിരലുകള്‍ വളര്‍ന്നു
വലുതാവുന്നു
കണ്ണുകളിരുട്ടിലും
വെളിച്ചം തെളിക്കുന്നു
കാഴ്ചയെത്തും ദിക്കിലൊക്കെ
ഒരു തെളിയാ ചിത്രം പോല്‍..
ആരിത്..?

പതിയിരിന്നാക്രമിക്കുവാന്‍ ശത്രുവല്ല
ശത്രുവില്ലാത്തവര്‍ക്കേതു ശത്രു
സ്നേഹം നടിച്ചവര്‍
വേഷമഴിച്ച് പോയ നേരം
തനിച്ചീയിരുളില്‍
കണ്ണീര്‍ മാത്രം കൂട്ടായ് നേരം,
ഇത്രമേലെന്നെ
പൂമരമാക്കി...

ഇരുളിലെ വെളിച്ചമേ,
കാണാതെ കാണുന്ന കാഴ്ചയേ,
വാക്കുടഞ്ഞ്
തൊണ്ടമുറിഞ്ഞ്
ഒരിറ്റു നീരിനു കേഴുമ്പോള്‍
ഞാന്‍ നിനക്കാര്‌
ഇത്ര ചേര്‍ത്തു പിടിക്കാന്‍?.




ചിരി മാഞ്ഞ തെരുവ് 
______________
വെടിയുണ്ട ചീഞ്ഞ മണം
നിറഞ്ഞ
ഒരു തെരുവ്

പൊരുതുന്നു...
വെട്ടിപ്പിടിക്കാനാഞ്ഞ
തുപ്പാക്കികളെ
മരണം കൊണ്ട്
തടുക്കുന്നു...
കൊന്നവര്‍
കൊല്ലപ്പെട്ടവരായിരുന്നു.
കീഴടക്കാന്‍ അവശേഷിക്കുന്ന
പൊട്ടിത്തെറികളെ ഭയന്നു
കുരുന്നുകള്‍
പുഞ്ചിരി വെറുക്കുന്നു..
ഇല്ല,
നീ ..
നീ തന്നെയാണത്
പക..
എല്ലാവര്‍ക്കിടയിലും
വളര്‍ന്നു വരുന്ന
കാണാമരമേ
നിന്നെ
നരകം മണക്കുന്നു....