പേജുകള്‍‌

2012, ഡിസം 18

വല
___
മുഖപുസ്തകത്തിലെ

പ്രൊഫൈലില്‍ നിന്നും 
ഒരു പെണ്‍തല 
ഉടലടര്‍ന്ന്

വഞ്ചനയുടെ
മേല്ക്കുപ്പായമിട്ട
പകല്‍ മാന്യരുടെ കൈകളിലൂടെ
ഫോട്ടോഷോപ്പിന്റെ
അനാട്ടമി ലാബിലെത്തി

പുരികങ്ങള്‍
മഴവില്ലായി
ചുണ്ടുകള്‍ ചോന്നു തുടുത്തു
നിതംബം വീതികൂടി
മാറിടം മദാലസമായ്

ശേഷം
നെറ്റിലെ കച്ചവടസ്റ്റാളില്‍
രതിമൂര്‍ച്ഛയുടെ ഉന്‍മത്തമായൊരു
ലിങ്കിലേക്ക്
നേര്‍ത്ത കുപ്പായത്തിലെ
അംഗലാവണ്യതുടുപ്പായ്
അണിഞ്ഞൊരുങ്ങിയെത്തി

ചിന്തകളില്‍ വിഷം തീണ്ടാത്ത
പാവമൊരു പെണ്‍ തല
വേശ്യാ ചന്തയിലെ
കൊതിപ്പിക്കുന്ന
പൊന്‍മാന്‍ വല....



2012, ഡിസം 16

ശീര്‍ഷകമില്ലാത്ത പരിഭവങ്ങള്‍
______________________
ദ് പ്പൊ വരാം എന്നുമ്പറഞ്ഞ്
പോയ പൂക്കാലത്തെ
കാത്തിരിക്കുവാ


കുഞ്ഞു ചുണ്ടത്ത്
മണിമാളിക പണിയാനുള്ള
ഉണക്കിലകളുമായ്
പോയ കുഞ്ഞിക്കുരുവിയും
ഇതേ കഥ
പതം പറഞ്ഞു

നീയെങ്ങാനും ഒളിച്ചുവെച്ചോടാ
എന്ന് ഓരോ മരത്തിലും
കൊത്തിക്കൊത്തി
വേഴാമ്പല്‍
മഴനീരു തിരയുന്നതും
അത് പറഞ്ഞ് തന്നെ

ചന്ദ്രാ 'പൂഹുയ്' എന്ന്
ഒരു രാപ്പാടി
നീട്ടി പാടിയതും
ഇതൊക്കെ തന്നെയാവും

എനിക്കാരെയും വേണ്ടേ
ഞാന്‍ പ്രാക്ടിക്കലാണേ
എന്ന മട്ടില്‍
മിന്നാ മിനുങ്ങി
നാല്‍പത് വാട്ടിന്റെ
സര്‍ക്കാരിനെ
പല്ലിളിച്ചു കാട്ടി

തനിച്ച്
ഇരുളും
വെളിച്ചവും
തൂക്കി നടക്കുന്ന
ഈ ലോകമേ
നിങ്ങളോട്
ഞാനെന്തു പറയേണ്ടു..
.



കടല്‍ മിഴികള്‍ 
___________ 
കടലെന്നാരും നിനച്ചിരിക്കില്ല
കവിതമൂടിയ കടമിഴികളെ

പുഴ പോലൊഴുകുന്ന ഞരമ്പിലൊക്കെയും
പ്രണയലാവ തന്നുറവ നീറ്റവെ

പുഴ തന്നന്ത്യത്തില്‍ കടമിഴികളിന്‍
കടലിലൊന്നു ഞാന്‍ കുളിച്ചിന്നീറനായ്

നേര്‍ത്തൊരീണമായ് തഴുകിയിന്നു നിന്‍
മന്ദഹാസത്തിന്‍ പൂ വിടര്‍ത്തുവാന്‍

രാവിനാഴത്തിന്‍ സാന്ദ്ര നിലീമേ
കാത്തിരുപ്പു,വാ കരളുപങ്കിടാന്‍....



സ്വര്‍ഗ്ഗത്തിലെ ശ്മശാനം
________________
കുലുങ്ങിച്ചിരിക്കാത്ത 
കാട്ടരുവിയ്ക്കരികില്‍
ഇലയുണങ്ങിയ മരങ്ങള്‍ കടന്ന്

മലമുകളിലേക്കൊരു ചൂണ്ടു പലക
ആരോ അതില്‍ വരഞ്ഞിരുന്നു
‘നിന്നെ കാത്ത് ഒരു മാലഖയുണ്ട്’.

കയറ്റത്തിലെവിടെയോ
മേഘങ്ങള്‍ കുന്നിറങ്ങി വന്നു

വയലറ്റ് പൂമരം
'ഇടിമിന്നലീ
ആകാശത്തിന്റെ സൗന്ദര്യം'
എന്ന പാട്ടുമൂളി.

താഴ്വരയില്‍
ആരോ ഉപേക്ഷിച്ചു പോയ
ഒരു കുഞ്ഞു നക്ഷത്രം
രാത്രിയമ്മയെ കാത്തിരുന്നു

ഇടവേളകളിലെവിടെയോ
ജീവിതമുപേക്ഷിച്ചിട്ട് ,
വീണ്ടും ജീവിതത്തെ
കിനാവുകാണുന്ന
നിനക്കിപ്പോള്‍ ഒരനാഥന്റെ മുഖം

ഒരോര്‍മ്മപ്പൂ പോലും വയ്ക്കാത്ത
ശവക്കല്ലറയ്ക്കു മേല്‍
കാലം ഒരു മെഴുകുതിരി കത്തിച്ചു
തേന്‍ തേടി മടങ്ങിയ
ഒരു പൂമ്പാറ്റമാത്രം
ധ്യാനഭരിതം അവിടെ
കുമ്പിട്ടിരിപ്പുണ്ട്.

മലമുകളിലെ
ഒറ്റക്കല്‍ മണ്ഡപത്തിലേക്കുള്ള
വഴിതെറ്റി
സ്വര്‍ഗ്ഗത്തിലേക്ക്
ഊര്‍ന്നിറങ്ങിയവനേ
നിന്നെയിപ്പോള്‍
വസന്തം മണക്കുന്നു....



പിന്നെയും ഒരു തിര
______________
ഒരു നഗരത്തോടും വിട ചൊല്ലാനില്ലായിരുന്നു 
ഒരു രാത്രിയോടും കിനാവ് കടം വാങ്ങിയുമില്ല 

നീയുപേക്ഷിച്ചു പോയ ഞാന്‍
ഒരു കടല്‍ തിരിച്ചിറങ്ങിയ
ചെളിമണല്‍പ്പുറം പോലെ
വിരസമാണ്‌

കാല്‍ പാടുകള്‍ മാത്രം
കടുത്തു നില്‍ക്കുന്നു
ഒരു മഴയ്ക്കും മായ്ക്കാനാവാതെ

ഒരിയ്ക്കലും പൂക്കാത്ത ഒരു പൂക്കാലത്തിന്റെ,
ഒരിയ്ക്കലും തെളിയാത്ത നക്ഷത്രത്തിന്റെ,
ഇരുള്‍ മൂടിയിട്ടും കൂടു തേടാത്ത കിളിയുടെ
ഉള്ളുരുക്കങ്ങള്‍ പോലെ ..

നെഞ്ചില്‍ ഒരു തിര മുറിയുന്നതിന്റെ
കനത്ത ശബ്ദം മാത്രം

എന്നില്‍ നിന്ന്
എങ്ങോട്ടാവും
ഞാനിനി പടിയിറങ്ങി പോവേണ്ടത്?



വാക്കുരഞ്ഞു വിണ്ടഭൂമി
_________________
അങ്ങനെയായിരുന്നു
അപ്പോളായിരുന്നു
നിലവിളികളെല്ലാം

പതം പറഞ്ഞെത്തിയത്

വെട്ടിമുറിക്കണം
എന്നൊന്നുമില്ല,
ഞങ്ങള്‍ക്കുള്ളത്
ഞങ്ങള്‍ക്ക് തന്നെ വേണം
നിങ്ങള്‍ക്കുള്ളതും.

പറഞ്ഞു തീര്‍ന്നതും
ഒരു നിശബ്ദത പറന്നെത്തി
കൂട്ടമരണങ്ങള്‍
ചിറകിലൊളിച്ചിരിപ്പുണ്ടെന്ന
ചുണ്ടുരുമ്മി.

ഇന്നുവരെ ഞാന്‍
ശ്വസിച്ചിരുന്ന വായു
കിനാവു നട്ട ആകാശം
കണ്ണീരുപ്പു കലങ്ങിയ കടല്‍
കിളികള്‍ പാടിയുണര്‍ത്തിയ കാട്
എല്ലാം എടുത്തോളു
അവിടെ ഞാനുണ്ടായിരുന്നെന്ന
ഓര്‍മ്മമാത്രം വിട്ടുതരണം...



ഒരു പൂവില്‍ ഒരു പൂക്കാലം
____________________
ഒരു പൂവിതള്‍ മാത്രമേ
കാത്തു വെച്ചുള്ളു
പൂക്കാലം പൂക്കാലം

എന്നവള്‍ ആര്‍ത്തുലഞ്ഞു.

കരിവണ്ടൊന്നു മൂളി മെല്ലെ
മുരളീനാദമൊന്നേറ്റുണര്‍ന്നു.

അടുക്കലെത്താന്‍ കൊതിച്ചു നിന്നു
തൊടുമ്പോഴൊക്കെ വിതുമ്പിനിന്നു

അകലയല്ലെന്നറിഞ്ഞ വേള
അരികിലുള്ളില്‍ സ്വയമലിഞ്ഞു.


2012, ഡിസം 5


ഡസ്റ്ററിനു മായ്ക്കാനാവാത്തകാലം
_________________________
അസംബ്ളിക്കിടെ സൂര്യന്‍ കണ്ണു വെച്ച
പ്രാകാശ് സീ.കെ തളര്‍ന്നു താഴെ വീണു,
അലങ്കോലപ്പെട്ട ആദ്യ പിരീഡില്‍
പരീക്ഷപേപ്പറിന്റെ അടി
സ്കൂള്‍ ഗേയ്റ്റിനു പുറത്തേക്ക്.
വീട്ടിലാക്കാന്‍ ഒപ്പം വിട്ട
രമേഷ് പറഞ്ഞു
'നല്ല ഒര്‍ജിനലായ് തോന്നീടാ'..

ടീച്ചറില്ലാ പിരീഡിന്റെ
അലര്‍ച്ചക്കുള്ളിലേക്കൊരിടി മുഴക്കം
'സൈലന്‍സ് പ്ളീസ്....
ആരാ ചൂരലെടുത്തേ'?
ടീച്ചര്‍ ദോണ്ടിവനാ,ദേയിവനല്ല, ലവനാ
മൂന്നാം ഡസ്കിന്റെ താഴെ
ഞാനിവിടെയുണ്ടെന്ന കരച്ചില്‍ മാത്രം
ഒറ്റിക്കൊടുക്കപ്പെടാതെ
അടങ്ങിയിരുന്നു..

ഉച്ചബെല്ലിന്റെ ആദ്യ പിരീഡില്‍
ഡസ്റ്ററേറില്‍ ഞെട്ടിയുണര്‍ന്ന
ഇബ്രാഹിം കുട്ടി,
ആദ്യം ഭൂമി കണ്ട
അന്യഗ്രഹ ജീവിയുടെയമ്പരപ്പില്‍,
കൂട്ടച്ചിരി പടിയിറക്കി വിട്ട
ഉച്ചമയക്കത്തേയോര്‍ത്ത്
ഡസ്റ്റര്‍ തിരികെ മേശപ്പുറത്തേക്ക് മടങ്ങി..

ഇന്റര്‍ വെല്ലിന്റെ മൂത്രപ്പുര ബഹളത്തില്‍
ലിവര്‍ പ്ളസ് ലവര്‍
ആരോ കോര്‍ത്ത ഹൃദയം
അമ്മിണി ടീച്ചര്‍ പ്ളസ് തോമസ് മാഷ്
ഉത്തരാധുനിക ചിത്രകലാ പഠനം
നീട്ടി ഒഴിച്ചിട്ടും മായാതെ ഭിത്തിയില്‍
ഉറക്കെ പറയാന്‍ വെമ്പുന്ന
അങ്ങാടി രഹസ്യങ്ങള്‍
കന്യാകത്വം നഷ്ടപെട്ട്
കരി മഷി പുരണ്ടു..

പീ ടി അവറിന്റെ കൊടും ദാഹം
പൈപ്പു വെള്ളത്തിന്റെ കുളിര്‍മ്മ,
കരിമ്പനടിച്ച കുപ്പായത്തിലേക്ക്
ആരോ കുടഞ്ഞ നീലമഷി..
കൂട്ടയിടി ആര്‍പ്പു വിളി
ഹെഡ് മാസ്റ്ററുടെ മുറിയിലെ
ഗ്ളോബിനു മേലെ എല്ലാവരുടെയും
കൈവെള്ളയില്‍ ഭൂമദ്ധ്യ രേഖ തെളിഞ്ഞു..

എക്സകര്‍ഷന്‍ പോക്കിന്റെ ഗമയുമായ്
തുമ്പികളുടെ ബസ്സ് പാട്ട് പാടി
കൈവീശി നീങ്ങി,
പൂഞ്ഞാട്ടി പിടിക്കാനിറങ്ങിയ
നിഷാദും,അവന്റെ കൈപിടിച്ച്
ദിനേശും അവരെ പിടിക്കാന്‍
ജബ്ബാറും,തിരികെയെത്തിയത്
കോരുവലയില്‍
സ്കൂള്‍ വരാന്തയില്‍..
കറുത്ത ബാഡ്ജു കുത്തിയ
കരച്ചിലുകളെ
വരിവരിയായ് നിര്‍ത്തി
'ഗൗരവം കുമാരന്‍' മാഷ്
വാപൊത്തിക്കരഞ്ഞു..
പതിവിലും മൗനമായ്
സ്കൂള്‍ വിട്ടിട്ടും
ഒന്നും മിണ്ടാതെ ഗ്രാമവും
കുട്ട്യോളും കണ്ണീര്‍ മഴയില്‍
മണ്ണിട്ട് മടങ്ങി..

വാര്‍ഷികപ്പരീക്ഷയുടെ അവസാന
ബെല്ലടിച്ചപ്പോള്‍
വാകമരച്ചോട്ടില്‍
കടക്കണ്ണ് കളിയിലെ
എതിര്‍ ചേരികള്‍
ധൈര്യം സംഭരിച്ച് ഓട്ടോഗ്രാഫെഴുതി
'നീ മറന്നാലും ഞാന്‍ മറക്കില്ല
നീറുമെന്നുള്ളില്‍ നീ തേന്‍മഴയായെന്നും'

എഴുതി മാഞ്ഞേവരും പോയെങ്കിലും
ഹൃദയത്തില്‍ നിത്യവസന്തമാണിന്നും....
 



കരച്ചിലുകളുടെ കുമ്പസാരക്കൂട്ടില്‍ നിന്നും
_____________________________
രാത്രി വൈകി തലയിണവഴി
ഊര്‍ന്നിറങ്ങിയ 
കരച്ചില്‍

മേല്‍ക്കുപ്പായങ്ങളഴിച്ച്
പരിപൂര്‍ണ്ണ ശുദ്ധയായ്
പറഞ്ഞു തുടങ്ങി.

വംശനാശം സംഭവിച്ച
പ്രണയത്തിനായ്
ഇനി എന്നെ പൊയ് വേഷം
കെട്ടാന്‍ നിര്‍ബന്ധിക്കരുത്.

കുടുംബക്കോടതി വരാന്തയുടെ
തെക്കെകോണില്‍ നിന്നും
തൂവാല വഴി പിഴിഞ്ഞു നീക്കിയ പാടെ
കരച്ചിലൊരാക്കിയ ചിരിപാസാക്കി
'അതെ കല്യാണ മണ്ഡപത്തില്‍ തന്നെ
നിങ്ങളും താലി ചാര്‍ത്തി,പക്ഷേ
വിര്‍ജ്വാനിറ്റി അശേഷമില്ല'

മുസ് ല്യാരുടെ തുടയില്‍ നുള്ളലില്‍
അത്ര വേദനയില്ലെന്നറിഞ്ഞപാടെ
കുഞ്ഞു നെബീസ നൊന്തു തുടങ്ങി.
കരച്ചില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു
പടച്ചറബ്ബേ
ഇബ് ലീസിന് ജനിച്ചിവനു വേണ്ടി
ഒരിടിമിന്നല്‍ കടമായെങ്കിലും താ.

കുമ്പസാരക്കൂട്ടിനു മുന്നിലെ
വിധവയുടെ നെഞ്ചിടിപ്പില്‍ തട്ടി
നെടുവീര്‍പ്പുകളപ്പാടെ കടം പറഞ്ഞു.
പാപമന്വേഷിച്ച് വികാരിയും
പാപം ബോധം തീണ്ടാതിരിക്കാന്‍
വിധവയും ഒരു മറയ്ക്കകത്ത്
ഞെരിപിരികൊണ്ടു
കരച്ചില്‍ മാത്രം
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ
ഇടവേളയില്‍
ഇറങ്ങി നടന്നു.

നെഞ്ചുപൊട്ടിക്കരയാന്‍ കാത്ത്
പലകുറി
തെരുവു പയ്യന്റെ പിന്നാലെ
പറ്റിയൊതുങ്ങി നിന്നു.
ഒരിറ്റു കണ്ണീര്‍ വീഴാതെ
കരച്ചിലിപ്പോഴും
ആ ‘ചവറു ജീവിത’ത്തില്‍
തീരാ പട്ടിണിയില്‍...



2012, ഡിസം 2

നോട്ടം
____
കാണുന്നുണ്ടു ഞാന്‍
കാണതുള്ളാ നോട്ടം..

ഏയ് ഞാനെന്നല്ലെന്നാ ഭാവം
എനിക്കങ്ങനെയൊന്നുമില്ലെന്ന
അതൊന്നുമില്ലന്നെ എന്നൊക്കെ
പഴയ നാടകങ്ങള്‍..

അകത്താരെയാ
കുടുക്കി വെച്ചിട്ടുണ്ട്!!

പറസാറേ,ഞാനും
ഈ പുഴ നീന്തിയതല്ലെ...



കടല്‍..
_____
മഴ വഴി തെറ്റി വന്നതെന്റെ 
കണ്‍ തടത്തില്‍

നീ വഴിതെറ്റി മാറിയതിന്റെയൊപ്പം
കരളിലൊരു മഴക്കാര്‍
ഇരുള്‍ പരക്കാന്‍
കാത്തു നില്പുണ്ട്...

തലയിണപ്പാടത്തെ
അതിവര്‍ഷം
ആരും കാണാറില്ല..

നിലാവാവഴി വന്നിട്ടേയില്ല
ഇരുളിലൊരു മറപിടിച്ചൊളിക്കും
നക്ഷത്രക്കുഞ്ഞുങ്ങള്‍,
എത്തിവലിഞ്ഞു
നോക്കിയെന്നിരിക്കും,
കടലിരമ്പമെന്നു കരുതിയവറ്റകള്‍
ഉറങ്ങിപ്പോകും..

ഉറങ്ങാത്ത രാത്രിയുമായ്
അപ്പോഴുമൊരു കടല്‍
ഹൃദയത്തില്‍
തിരയടിക്കുന്നുണ്ടാവും..
പകല്‍ വരുമ്പോള്‍
കെട്ടുപോകുന്നൊരു
സങ്കടക്കടല്‍......





അറിയാതെ
_________
ഏതു മഴയിലും
ഒലിച്ചു പോകുമെന്നു ഭയന്നാണ്
തനിച്ചാക്കാതിരുന്നത്


വേനലപ്പാടെ
കരിച്ചു തീര്‍ക്കുമെന്ന് പകച്ചാണ്
കാറ്റില്‍ പൊതിഞ്ഞത്

മഞ്ഞ് പെയ്ത്
മരച്ചു പോമെന്നു നിനച്ചാണ്
രാവേറെ കാത്തത്

എന്നിട്ടോ..
പട്ടട  മാത്രം ഇതൊന്നും
അറിഞ്ഞഭാവം നടിച്ചില്ല..



പനിനീര്‍പൂവിന്റെ ചുംബനം 
____________________
ഈ കടലിനു നടുവിലെ
ഏകാന്തതയില്‍
എന്തിനായ്

പരസ്പരം തുഴയായ് നീങ്ങുന്നു?

കപ്പല്‍ച്ചേതത്തില്‍ മുങ്ങിനീങ്ങിയ
നീ വന്നു കയറിയ മുനമ്പ്
എന്റെ ഹൃദയമായതിനാലോ?

ഒറ്റപ്പെടലിന്റെ
തീമഴയിലുരുകിത്തീരും നിന്റെ
വേദനകളെപ്പറ്റി ഒരക്ഷരം
ചോദിക്കില്ല ഞാന്‍..

പലപ്പോഴായ്
ചൂണ്ടക്കുരുക്കളുടെ
വിരുന്നുകാരിയായ്
നീ അകലെ നീങ്ങുമ്പോഴും
കുരുക്കിലായപ്പോഴും
കാണാതിരുന്നു..

നിറങ്ങളുടെ മായക്കാഴ്ച
കണ്ണുകെട്ടിയ നിലാവനങ്ങളില്‍
നീയുരുകിയെരിയുമ്പോഴും
അരികെയിരുന്നു.

ഹൃദയമുരയുന്നു:
നീയെനിക്കെന്നും പകുക്കാതെ പോയ
നെടുവീര്‍പ്പുകളില്‍,
ചുടുനിശ്വാസങ്ങളില്‍,
എന്നെ ഞാന്‍ സ്വയം സമര്‍പ്പിച്ചിരുന്നു.
പനിനീര്‍പൂവിന്റെ ചുംബനം പോലെ...



ആമേന്‍
______
പിതാവിനും പുത്രിമാര്‍ക്കും
പരിശുദ്ധ എനിക്കും!

കട്ടന്‍ കാപ്പി വിളിച്ചുണര്‍ത്തുന്ന
പ്രിയതമനേ..
പത്രവാര്‍ത്ത ഉഷാറാക്കുന്ന
പൂമുഖമേ,
അടുക്കളയുടെ നിവേദനങ്ങളേക്കൂടി
പരിഗണിക്കണമേ
ആ ...(മേന്‍) തിരക്കില്ലെ വാങ്ങിക്കാം.

ഹോം വര്‍ക്ക് തീര്‍ക്കാതെ
തലേന്നത്തെ കുപ്പിവെള്ളമടക്കം
ബാഗിലുറക്കിയ
പൊന്നുമക്കളെ
നിങ്ങള്‍
ഒന്നും കഴിക്കാതെ തിരക്കിട്ടോടുന്ന
പ്രഭാതം പോലെ
അത്താഴമുണ്ണാതുറങ്ങുന്ന
രാത്രിപോലെ
ഒന്നുംവെയ്ക്കാതിരിക്കുന്ന
ഒരു ദിനം എനിക്കില്ലല്ലോ
അതിനെന്തുമ്മി?
''നുമ്മക്ക് മാക്ഡോണഡി പോകാന്നെ''.

തുന്നിത്തീരാത്തെ കുപ്പായങ്ങളേ
പൊടിയൊഴിയാത്ത ജനലഴികളേ
എത്ര സ്നേഹിച്ചിട്ടും
പുഴുവരിക്കുന്ന ചെടിക്കുഞ്ഞുങ്ങളേ
കണ്ണുതെറ്റിയാല്‍ വിലങ്ങനെ ഓടുന്ന
ഗണപതി വാഹനമേ
കുളിമുറിയില്‍ ഉതിര്‍ന്നിറങ്ങിയ
മുഷിഞ്ഞ വേഷങ്ങളേ
ഒന്നുമില്ലാത്ത എന്നെയെന്തിനു
വീതിച്ചെടുത്തു നിങ്ങള്‍?

അയലത്തെ ജാനുവിന്റെ
അകത്തള നോട്ടമേ
പൊടി നെഫ്സൂന്റെ
പരദൂഷണ ബഞ്ചിന്‍ കൂട്ടമേ
മീന്‍ കാരനുമ്മറിന്റെ
''ബേറെയാണു ബിചാരമേ''
പച്ചക്കറിത്തള്ള പൊട്ടിച്ച
പച്ചത്തെറി ഭണ്ഡാരമേ
എല്ലാത്തിനെയും ഒരുമിച്ചിട്ടു
വറുക്കാന്‍ വെമ്പുന്നെന്റെ വറചട്ടിയുടെ
വെറും മോഹങ്ങളേ
അടങ്ങടങ്ങ്.........................



ഒറ്റക്കാക്ക
_______
കിളികളാണു ചുറ്റും പറക്കുന്നത്
ഒറ്റയായ കാക്കയെ ആരും 
കണ്ടില്ല...
വസന്തലഹരിയിലായിരുന്നു വണ്ടുകള്‍
അതിനിടയില്‍ തേനില്ലാത്ത

ഈ ചെടി മാത്രം
തൊട്ടില്ല..
ഈ നിമിഷങ്ങളോട്
കണ്ണുനീര്‍ കൊണ്ട്
കടപ്പെട്ടിരിക്കുന്നു..
നിനക്കുമാത്രമറിയാവുന്ന
ഒരു തെറ്റിന്‌
വെറുതെ ബലിയാടായ ഒരു
പൂമ്പൊടിയുടെ സങ്കടം..
അല്ലെങ്കിലും
കൊണ്ടവളേക്കാള്‍
നൊമ്പരം
കൊടുത്തവളുടെ
നെഞ്ചിലുറങ്ങുന്നില്ലെന്നാരറിഞ്ഞു!!




നൂല്‍ മരപ്പൊത്തില്‍
______________
ഒളിച്ചിരിക്കുന്നതൊക്കെ കൊള്ളാം
കുറുമ്പുകാട്ടാതിരിക്കണം

സങ്കടങ്ങളൊക്കെ
വരിവരിയായ്
സര്‍വീസ് നടത്തും
അനൗസുമെന്റ്കള്‍
കാപ്പി,ചായ, തിരക്കു ചന്തയല്ലെ
കണ്ടെന്ന് നടിക്കരുത്.

ഇടക്കൊക്കെ ചിലര്‍
ഓടിക്കയറാന്‍
വെപ്രാളം കൂട്ടും
പതിങ്ങിയിരുന്നോളണം
പിടികൊടുക്കരുത്

സന്ധ്യമയങ്ങുമ്പോള്‍
നടക്കാനിറങ്ങരുത്
സന്തോഷം കൊണ്ട്
രാഗവിസ്താരവുമരുത്

പാതി മയക്കത്തില്‍
ആരും കാണതെ
ഇറങ്ങിവരണം.

ആരുമിന്നേവരെ
ഉള്ളിന്റെയുള്ളില്‍
ഇത്രാഴത്തിലെത്തിയിട്ടില്ലേന്നെ....




ചേര്‍ന്നു ചേര്‍ന്നൊരാള്‍
________________
നിനച്ചിരിക്കാനേരം
കാണാത്തൊരുപദചലനം
പിന്‍ കഴുത്തിലൊരു

ചുടു നിശ്വാസം,
നിദ്രയെ കൊല്ലുന്ന
നീളന്‍ പാമ്പായ്
അടുത്തുണ്ടാരോ..

നിന്നെ തൊടാനെന്റെ
വിരലുകള്‍ വളര്‍ന്നു
വലുതാവുന്നു
കണ്ണുകളിരുട്ടിലും
വെളിച്ചം തെളിക്കുന്നു
കാഴ്ചയെത്തും ദിക്കിലൊക്കെ
ഒരു തെളിയാ ചിത്രം പോല്‍..
ആരിത്..?

പതിയിരിന്നാക്രമിക്കുവാന്‍ ശത്രുവല്ല
ശത്രുവില്ലാത്തവര്‍ക്കേതു ശത്രു
സ്നേഹം നടിച്ചവര്‍
വേഷമഴിച്ച് പോയ നേരം
തനിച്ചീയിരുളില്‍
കണ്ണീര്‍ മാത്രം കൂട്ടായ് നേരം,
ഇത്രമേലെന്നെ
പൂമരമാക്കി...

ഇരുളിലെ വെളിച്ചമേ,
കാണാതെ കാണുന്ന കാഴ്ചയേ,
വാക്കുടഞ്ഞ്
തൊണ്ടമുറിഞ്ഞ്
ഒരിറ്റു നീരിനു കേഴുമ്പോള്‍
ഞാന്‍ നിനക്കാര്‌
ഇത്ര ചേര്‍ത്തു പിടിക്കാന്‍?.




ചിരി മാഞ്ഞ തെരുവ് 
______________
വെടിയുണ്ട ചീഞ്ഞ മണം
നിറഞ്ഞ
ഒരു തെരുവ്

പൊരുതുന്നു...
വെട്ടിപ്പിടിക്കാനാഞ്ഞ
തുപ്പാക്കികളെ
മരണം കൊണ്ട്
തടുക്കുന്നു...
കൊന്നവര്‍
കൊല്ലപ്പെട്ടവരായിരുന്നു.
കീഴടക്കാന്‍ അവശേഷിക്കുന്ന
പൊട്ടിത്തെറികളെ ഭയന്നു
കുരുന്നുകള്‍
പുഞ്ചിരി വെറുക്കുന്നു..
ഇല്ല,
നീ ..
നീ തന്നെയാണത്
പക..
എല്ലാവര്‍ക്കിടയിലും
വളര്‍ന്നു വരുന്ന
കാണാമരമേ
നിന്നെ
നരകം മണക്കുന്നു....



തിരിച്ചു പോക്ക് 
___________
കരച്ചിലുകളെല്ലാം നിശബ്ദമായ്
കൈവിട്ടു പോയൊരു സ്നേഹക്കര.....
വിതുമ്പലുകളെല്ലാം ചേര്‍ത്തുപിടിച്ച്

ഈയിരുട്ടില്‍ ഞാന്‍ മാത്രം..
ഇത്രയൊന്നും നിനച്ചില്ല
ഇത്ര അടുത്തുണ്ടായിട്ടും
ഇത്രയകലെയാവുമെന്ന്..
നിന്നിരുന്നൊരു കരയില്‍ നാം
നിന്നകന്നൊരു നെടി നേരം..
നിന്നിലേക്കൊരു കടല്‍ ദൂരം
നിന്നിടുന്നു തുഴകാണാതെ..
ഇനിയീ രാത്രിയില്‍
നിലവിളികളൊക്കെ
പൊത്തിപ്പിടിച്ച്
തിരിച്ചു നടക്കണം.
നിലാവു ചത്ത മാനം നോക്കി..




ബാക്കിയായത്
__________
ഇതുമാത്രം ബാക്കിയായ്
നീ കാത്തിരുന്ന
വെണ്ണീര്‍..
ബാക്കിയായതൊക്ക
ബാക്കിയാവതെയായിട്ടുണ്ട്..
കാത്തുവെച്ചതൊക്കെ
കൈമോശമായിട്ടുമുണ്ട്..
കരഞ്ഞു തന്നെ നില്ക്കുന്നതെങ്കിലും
ചിരിയുള്ളിലൊളിച്ചതെങ്കിലും
കാത്തിരുന്നിത്രനാള്‍..
ഒരിക്കലും മറക്കില്ലെന്നറിയാം
മറക്കാതിരിക്കാനല്ലെ
അവസാന ശ്വാസപിടച്ചിലില്‍
അമര്‍ത്തിപ്പിടിച്ചത്...




നിഴല്‍ നാടകം
__________
സുര്യന്‍ അഗ്നിയെ തുപ്പി
ഇരുളിനെ കാമിയ്ക്കും വേളയില്‍
ഒരു നിഴല്‍ നിന്നെ തേടിയെത്തും..
കണ്ണുകളില്‍ തിളക്കവും
കാലുകളില്‍ ചിലങ്കയുമണിഞ്ഞ് 
നിദ്രയില്‍ നിന്ന് നിന്നെയത് 
തൊട്ടുണര്‍ത്തും..
പ്രണയത്തിന്റെ മാറാവ്യാധി പിടിച്ച 
നിന്റെ ഉടലിനെ 
നിലാമഴയില്‍ കുളിപ്പിച്ചെടുത്ത് 
നക്ഷത്രത്തുണ്ടു കൊണ്ട് 
സിന്ദൂരം ചാര്‍ത്തും..
ശലഭച്ചിറകുകളാല്‍
പുടവയണിയിക്കും..
വിരലുകളിരുളില്‍ ചാലിച്ച് 
കണ്ണുകളെഴുതും..
ഒരു കുളിര്‍ക്കാറ്റാല്‍
നിന്ന പൊതിഞ്ഞെടുക്കും..

പെട്ടെന്നൊരു കാര്‍മേഘം 
മഴയെ  കൂട്ട് പിടിച്ച് 
നിഴലിനെ മായ്ച്ചു കളയും
നക്ഷത്രവും കാറ്റും 
നിലാവുമെല്ലാം അകലേക്ക്‌ 
പോയ്‌ മറയും..
ശലഭങ്ങള്‍ മഴയില്‍ കുതിര്‍ന്നലിയും
ചിലങ്കകളുടെ കിലുക്കം മാത്രം 
അവശേഷിക്കും..
അത് നിന്നെ വീര്‍പ്പു മുട്ടിക്കും
വക്കുടഞ്ഞ നിലവിളികളില്‍ 
തട്ടി ചിലവേള അത് നിശബ്ദമാവും
അപ്പോഴുമാത്മാവില്‍ 
പ്രണയ മഴ പൊഴിഞ്ഞു കൊണ്ടിരിക്കും
അരൂപിയാം മറ്റൊരു  നിഴലിനെ നനയ്ക്കുവാന്‍.....



ഒരു ഹെല്‍മെറ്റിന്റെ നൊമ്പരം!!
______________________
നിങ്ങള്‍ക്ക് വേണ്ടാത്ത തല 
എനിക്കെന്തിന്!
ഇന്നലെ കണ്ടില്ലേ! 

ഈ രക്ഷാ കവചത്തിനുള്ളില്‍
സ്വസ്തമായുറങ്ങുന്നൊരു തലയും
അതിനരികില്‍ പിടഞ്ഞു തീര്‍ന്നോരുടലും!
ചുറ്റിലും മിന്നിത്തെളിഞ്ഞ
മൊബൈല്‍ ഫ്ലാഷുകള്‍ക്ക്
സ്വാര്‍ത്ഥതയുടെ മഞ്ഞളിപ്പ്!
ചേതനയറ്റ ശരീരത്തിന്റെ
ഫുള്‍ സൈസ് ഫോട്ടോകള്‍
ബ്ലൂടൂത്ത് വഴി പാറി നടന്നു!
പിറ്റേന്നത്തെ പത്രത്തില്‍
പതിവ് തെറ്റാതൊരു വാര്‍ത്ത
''വാഹനാപകടത്തില്‍
മരിച്ചയാളുടെ ശരീരത്തില്‍ നിന്ന്
തെറിച്ചു വീണ തല
മണിക്കൂറുകളോളം എന്‍ എച്ച് 47-ല്‍
ഗതാഗത തടസമുണ്ടാക്കി''
കൂടെ ആദരാഞ്ജലികള്‍ തുന്നിച്ചേര്‍ത്തൊരു
പനിനീര്‍ പൂവിന്റെ പടവും!!




വേര്‍പാട്..
________
ഒരാള്‍ കൂടി എന്നെ വിട്ട് പോയിരിക്കുന്നു..
കനവുകളിലെ കനലൂതിക്കെടുത്താന്‍
എനിക്കൊപ്പമുണ്ടായിരുന്നവള്‍...
രാപ്പാടിപ്പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍
രാവെല്ലാം കൂടെയിരുന്നവള്‍...
നിലാവിന്റെയരണ്ട വെളിച്ചത്തില്‍
നിഴലായ് നടന്നിരുന്നവള്‍....
വര്‍ണ്ണങ്ങള്‍ വിതറിയ ആകാശത്താഴ്വരയില്‍
നക്ഷത്രപ്പൂക്കളടര്‍ത്താന്‍ കൂട്ട് വന്നിരുന്നവള്‍...
ഇന്നലെയുടെ സ്പന്ദനങ്ങളില്‍
എന്റെ മന്ദഹാസം തേടിയലഞ്ഞവള്‍...
എന്റെ നിശ്വാസത്തിന്റെ നോവുകളേറ്റ്
അവളുമെന്നെ കയ്യൊഴിഞ്ഞിരിക്കുന്നു...
ചിന്തകളുടെ കൈപ്പുനീര്‍
അവള്‍ക്കും മടുത്തിരിക്കുന്നു...
എന്റെ മൌനമേ നീയുമെന്നെ??!!


അകലം..
______
മനസ് പുറകോട്ട് നടക്കുകയാണ്...
ഞണ്ടിനെപ്പോലെ...
ഉപേക്ഷിക്കപ്പെട്ടവന്റെ മനസങ്ങനെയാണ്...

ഗതകാല സ്മരണകളുടെ
പൂക്കാലത്തിലേക്ക് പതിയെ നടന്നടുക്കും.
പിന്നെ ആ ഓര്‍മ്മകളില്‍
നീറി നീറി ഇല്ലാതാവും..
കടുത്ത വേനലില്‍
ചിന്തകള്‍ കത്തിയമരുമ്പോള്‍
അടുത്ത് നിന്നിട്ടും അകലെയെന്ന പോല്‍
മഴയുടെ ആരവത്തോടൊപ്പം
നീ അകന്നകന്നു പോവുകയാണ്...
ഓര്‍മകളുടെ മണ്‍തുരുത്തില്‍
ചിറകരിഞ്ഞ ശലഭമായ്
ഞാനും!!!!



മുറിവ്
______
കാച്ചെണ്ണ തേച്ച് കുളിച്ചിട്ടും 
കാര സോപ്പിട്ടലക്കിയിട്ടും 
കണ്ണടച്ചിരുട്ടാക്കിയിട്ടും 
നീയെന്ന മുറിവ്
പോണില്ല മനസ്സീന്ന്!!!



കാറ്റ് 
____
ഈ കാറ്റിനെന്തൊരു കുറുമ്പാണ്‌
ജാലക വിരി നീക്കി
എത്ര നേരമായെന്നെ തഴുകുന്നു..
കാതുകളില്‍  നേര്‍ത്തൊരീണത്തില്‍
കുഴലൂതുന്നു..

മിഴിയടച്ച് മനസ്സുണര്‍ന്നുള്ള
എന്റെ കിടപ്പവള്‍ക്ക് 
രസിച്ചിട്ടുണ്ടാവും,
ചിലവേള
കണ്ണീരുറഞ്ഞയീ  മിഴിക്കടലില്‍
നീന്തി തളര്‍ന്നു കാണും,
അതോ .
ഉള്ളിലുയിര്‍ പൊട്ടിയ
കൊടുങ്കാറ്റിനെ തിരിച്ചറിഞ്ഞിട്ടോ?

അല്ലെങ്കിലും 
മനുഷ്യനെക്കാളെത്ര വേഗം 
നമ്മെ കാറ്ററിയുന്നു
മൃദു സ്പര്‍ശമായ്
കൂടെയുണ്ട് 
അകത്തും
പുറത്തുമെന്നോര്‍മ്മിപ്പിച്ച്,
ഉപാധികളില്ലാതെ
സ്നേഹിച്ച്..............

അവള്‍ തിരക്കിലാണ്..!!
__________________
പൂജ്യം മുതല്‍‌ ഒമ്പത് വരെയുള്ള
പത്തക്കങ്ങളിലാണു ജീവിതം!
ചെറു യന്ത്രത്തിലവളൊരു

സ്വര്‍ഗം പണിതിരിക്കുന്നു!
പ്രണയവും,
കാമവുമിക്കിളിയും
ആവശ്യക്കാര്‍ക്ക് വീതിച്ചു നല്‍‌കുന്നു!
തെങ്ങു കേറ്റക്കാരന്‍ റഷീദും
പത്രാസുകാരന്‍ മാധവനുമവളുടെ
അരമനയിലെ അന്തേവാസികളാണ്!
എന്തിന്,
പഞ്ചായത്തിന്റെ സാരഥി മുതല്‍‌
അമേരിക്കന്‍ പ്രസിഡന്റു വരെ
ആ വിരല്‍‌ത്തുമ്പില്‍‌!
മിന്നിമറയുന്ന അക്കങ്ങള്‍ക്കിടയില്‍‌
പതിയാതെ പോകുന്ന മുഖങ്ങള്‍,
അയല്‍‌ക്കാരുടെ,
പെണ്ണായ് പിറന്നോരുടേയും..!!




ഇനിയും വരാത്ത കവിത
__________________
ഓരോ നിമിഷവും
ഞാന്‍ പ്രതീക്ഷയിലാണ്!!
ചിതല് തിന്ന മോഹങ്ങളില്‍‌
നക്ഷത്ര ശോഭ തുന്നിപ്പിടിപ്പിക്കാന്‍
വാക്കുകളുടെ വര്‍ണ്ണത്തേരില്‍‌
നീയെത്തുമെന്ന്...

തിര മുറിഞ്ഞ ആഴിയിലെ
നിശ്ചല നൗകയായ്
തമസ്സിന്റെയാഴങ്ങളില്‍‌
അലയുവതെന്തേ നീ..?

വഴി വക്കില്‍‌ പതിയിരുന്ന
ചിരിക്കുന്ന മിന്നാമിന്നികള്‍
മുഖം മൂടിയണിഞ്ഞ
വിമശനത്തിന്റെ വാള്‍മുനത്തിളക്കമായിരുന്നെന്ന്
നീ തിരിച്ചറിഞ്ഞുവോ?

ചോപ്പുഭിത്തി കെട്ടിയ
മഞ്ഞു കൊട്ടാരത്തിലെ
ഉരുകിയൊലിക്കും
ജലധൂളിയായ് നീ
മാറുകയാണോ..?

വാക്ഭടന്റെ ഹസ്തങ്ങളിലേ
രക്തം കിനിയുന്ന കത്തിയിലമര്‍ന്ന്,
ജീവനു വേണ്ടിയുള്ള നിന്റെയാത്മ രോദനം,
മഴമഘങ്ങള്‍ക്കിടയിലെ
ഗര്‍ജ്ജനങ്ങളില്‍
തൂലിക തേടിപ്പോയ എന്നെ
അസ്വസ്ഥമാക്കുന്നു..!

വേണ്ടാ...
ഇനിയൊരു കാത്തിരിപ്പില്ല!!
ഭാവനയുടെയാരാമത്തിലിതുവരെ
പൂവിടാത്ത
നല്‍‌പുഷ്പമായ്
എന്റെ വീഥികളില്‍‌
പരിമളം തൂകിവരിക നീ..!!!